
വനിതാദിനം ഒട്ടുമിക്ക മേഖലയിലുള്ളവരും നന്നായി ആഘോഷിച്ചിരുന്നു. മലയാള താരസംഘടനയായ അമ്മയുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ എന്ന പേരിലാണ് ആഘോഷിച്ചത്. മലയാളത്തിന്റെ പ്രിയ നടി ഉര്‍വ്വശിയും അതില്‍ പ്രധാന ആകര്‍ഷകമായിരുന്നു. സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഉര്‍വ്വശി സംസാരിച്ചു. സിനിമാ മേഖലയില്‍ എല്ലാ കാലഘട്ടത്തിലും സ്ത്രീകള്‍ക്ക് ശല്യങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഉര്‍വ്വശി പറയുന്നു. ഒരുപാട് പുരുഷന്മാര് നമ്മുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകള്‍ വെച്ച് മുഴുവന്‍ പുരുഷന്മാരെയും തള്ളി പറയാന്‍ കഴിയില്ലെന്നും ഉര്‍വശി പറഞ്ഞു.
‘‘പ്രത്യേകം എടുത്തുപറയേണ്ട കാര്യം, ഞാനൊക്കെ അഭിനയിക്കാന്‍ വന്നിരുന്ന സമയത്ത് എല്ലാക്കാലത്തും ശല്യവും പ്രശ്നങ്ങളുമാക്കെ ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ പ്രത്യേകത എന്നുപറയുന്നത്, പ്രത്യേകിച്ച് ലാലേട്ടനെ പോലുള്ളവര്‍ ഒരു ലൊക്കേഷനില്‍ നിന്ന് ഞങ്ങള്‍ സ്ത്രീകള്‍ പോയോ എന്ന് ഉറപ്പുവരുത്തുമായിരുന്നു. അന്നൊക്കെ ഒരു ലൊക്കേഷനില്‍ നിന്ന് പോകാന്‍ ഇന്നത്തെ പോലെ ഓരോരുത്തര്‍ക്കും പോകാന്‍ വാഹന സൗകര്യം ഒന്നുമില്ല. ഒന്നോ രണ്ടോ വണ്ടിയായിരിക്കും അന്നുണ്ടാവുക. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ലാലേട്ടന് ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ പോയോ എന്നാണ്. ഷൂട്ടിംഗ് കഴിഞ്ഞുപോകുമ്പോള്‍ ആദ്യം ലാലേട്ടന് ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ പോകുമായിരുന്നുള്ളൂ. ഞാന്‍ എന്നല്ല ചെറിയ വേഷം ചെയ്യുന്നവര്‍ ആയാല്‍ പോലും അവരെ വണ്ടിയില്‍ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. സഹപ്രവര്‍ത്തകരെ പ്രൊട്ടക്ട് ചെയ്യാനുള്ള മനസുണ്ടായിരുന്നു അദ്ദേഹത്തിന്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു.
പിന്നെ ചിലരൊക്കെയുണ്ട്. ചില ക്രിമികളൊക്കെ അന്നുമിന്നും ഉണ്ട്. ഒരുപാട് പുരുഷന്മാര് നമ്മുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അത് വിസ്മരിച്ചുകൊണ്ട് ഏതെങ്കിലും പ്രത്യേക വ്യക്തിയോ അല്ലെങ്കില്‍ ചില വ്യക്തികളോ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിഷമതകള്‍ വച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാന്‍ ഒരിക്കലും സാധിക്കില്ല.’’ ഷൂട്ടിങ് സെറ്റിലെ മോഹന്‍ലാലിന്റെ ഇടപെടലിനെക്കുറിച്ച് വാചാലമായി ഉര്‍വ്വശി സംസാരിച്ചു. ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ടെന്നും അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും ഉണ്ടായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.
കലൂരിലുള്ള ‘അമ്മ’ ഓഫീസില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി കെ കെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോന് അദ്ധ്യക്ഷത വഹിച്ചു. ഷബാനിയ അജ്മല്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നടിമാരെ ആദരിച്ചു.
