ന്യുഡല്‍ഹി: അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രമുഖര്‍ക്ക് കാലിടറുന്നു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ലീഡ് ചെയ്യുമ്പോള്‍ മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബൈരേണ്‍ സിംഗും ലീഡ് ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും പിന്നിലാണ്. അഖിലേഷ് യാദവ് മാത്രമാണ് ലീഡ് ചെയ്യുന്ന മുന്‍ മുഖ്യമന്ത്രി. കര്‍ഹല്‍ മണ്ഡലത്തില്‍ അഖിലേഷിന് വന്‍ ലീഡാണ്.
പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്, പ്രകാശ് സിംഗ് ബാദല്‍ എന്നിവര്‍ പിന്നിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാമതായി. ഛന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണ്.
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ഹരീഷ് റാവത്തും പിന്നിലായി. ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവത്ത് പിന്നിലെത്തി. ബി.ജെ.പി വിമതനായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ഉത്പല്‍ പരീക്കറും പിന്നിലാണ്.






