ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണ്‍ ആയ ഐഫോണ്‍ എസ് ഇ 3 അവതരിപ്പിച്ചു. 5 ജി കണക്റ്റിവിറ്റിയോടെയാണ് ഐഫോണ്‍ എസ് ഇ 3 അവതരിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി സ്ട്രീം ചെയ്ത പീക്ക് പെര്‍ഫോമന്‍സ് എന്ന ഈവന്റിലൂടെയാണ് കമ്പനി ഐഫോണ്‍ എസ് ഇ 3 അവതരിപ്പിച്ചത്. 429 ഡോളര്‍ എന്ന ആഗോള വിലയിലാണ് ഐഫോണ്‍ എസ്ഇ 3 പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 43,900 രൂപ മുതലാണ് ഫോണിന്റെ വില. ഇന്ത്യയില്‍, iPhone SE 3 മാര്‍ച്ച് 11 മുതല്‍ പ്രീഓര്‍ഡറിന് ലഭ്യമാകും. മാര്‍ച്ച് 18 മുതല്‍ വിപണിയില്‍ എത്തും.
2020ല്‍ അവതരിപ്പിച്ച ഐഫോണ്‍ എസ് ഇ 2വിന് സമാനമായ വിലയാണ് ഐഫോണ്‍ എസ് ഇ 3യ്ക്ക്. മിഡ്നൈറ്റ്, സ്റ്റാര്‍ലൈറ്റ്, റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ iPhone SE 3 ലഭ്യമാകും. ഏറ്റവും പുതിയ iPhone ചിപ്സെറ്റ് ആയ A15 ബയോണിക് , 5G കണക്റ്റിവിറ്റി എന്നിവയാണ് എടുത്ത് പറയാവുന്ന പുതുമ. iPhone SE 3-ലെ ചിപ്സെറ്റിന് 6-കോര്‍ CPU ഉണ്ട്. കൂടാതെ 16-കോര്‍ ന്യൂറല്‍ എഞ്ചിനും. 4.7 ഇഞ്ച് സ്ക്രീനോടുകൂടിയാണ് iPhone SE 3 വരുന്നത്. വെള്ളം പൊടി എന്നിവയെ പ്രതിരോധിക്കുന്ന IP67 സര്‍ട്ടിഫിക്കേഷനോട് കൂടിയാണ് ഫോണ്‍ വരുന്നത്. ഐഫോണ്‍ 13 സീരീസ് ഫോണുകള്‍ പോലെ, ഐഫോണ്‍ എസ്ഇ 3 ന് മുന്നിലും പിന്നിലും കട്ടിയുള്ള ഗ്ലാസ് പാളിയുണ്ട്.






