
രക്തം അത് വഹിച്ചു കൊണ്ടുപോകുന്ന രക്തധമനികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം അഥവാ ഹൈപ്പര്ടെന്ഷന്. 70 ശതമാനം ഹൈപ്പര്ടെന്ഷന് കേസുകളും ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാതെ പോകുകയും പിന്നീടത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ട് തരത്തില്‍ ഹൈപ്പര്‍ടെന്‍ഷനുണ്ട്. മോശം ജീവിതശൈലി കൊണ്ടും പരമ്പരാഗതമായുമെല്ലാം ഉണ്ടാകുന്ന ഹൈപ്പര്ടെന്ഷനെയാണ് പ്രൈമറി ഹൈപ്പര്ടെന്ഷന് എന്ന് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും രോഗങ്ങളുടെയോ ചികിത്സയുടെയോ ഒക്കെ ഭാഗമായി വരുന്നതാണ് സെക്കന്‍ഡറി ഹൈപ്പര്ടെന്ഷന്. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുന്ന കേസുകളില്‍ 10 ശതമാനം സെക്കന്‍ഡറി ഹൈപ്പര്ടെന്ഷന് മൂലമാണ്.
പ്രൈമറി ഹൈപ്പര്‍ടെന്‍ഷനില്‍ നിന്ന് വ്യത്യസ്തമാണ് സെക്കന്‍ഡറി ഹൈപ്പര്ടെന്ഷന്. ഇതിന് കാരണമാകുന്ന രോഗാവസ്ഥയെ കണ്ടെത്തി അത് ചികിത്സിച്ച് മാറ്റാനായാല്‍ സെക്കന്‍ഡറി ഹൈപ്പര്ടെന്ഷന് മാറി രക്തസമ്മര്‍ദം സാധാരണതോതിലാകും. ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടെത്തി കഴിഞ്ഞാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ഒപ്പം സംഭവിക്കുന്നുണ്ടെങ്കില്‍ അത് സെക്കന്‍ഡറി ഹൈപ്പര്ടെന്ഷനാകാം.
∙ പ്രഷറിനുള്ള മരുന്ന് കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല
∙ വളരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം
∙ ചെറുപ്രായത്തില്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദം
∙ കുടുംബത്തില്‍ ആര്‍ക്കും രക്തസമ്മര്‍ദം ഇല്ലാതിരിക്കല്‍
∙ അമിതവണ്ണം ഇല്ലാതിരിക്കുക.
പല രോഗാവസ്ഥകളും മൂലം രക്തസമ്മര്‍ദം ഉയരാറുണ്ട്. അനിയന്ത്രിതമായ പ്രമേഹം രക്തത്തിലെ പഞ്ചസാരയെല്ലാം പുറന്തള്ളാന്‍ വൃക്കകള്‍ക്ക് മേല്‍ സമ്മര്ദമേറ്റാറുണ്ട്. ഇത് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകാം. വൃക്കകളില്‍ രൂപപ്പെടുന്ന കല്ലുകളും അവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി രക്തസമ്മര്‍ദം ഉയര്‍ത്താം. വൃക്കകളിലേക്ക് പോകുന്ന രക്തധമനികള്‍ ചുരുങ്ങുമ്പോഴും രക്തസമ്മര്‍ദം ഉയരാം. റെനോവാസ്കുലാര് ഹൈപ്പര്ടെന്ഷന് എന്നാണ് ഇതിന് പേര്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ തോത് കുഷിങ് സിന്‍ഡ്രോമിന് കാരണമാകാനും ഇതിന് കഴിക്കുന്ന മരുന്നുകള്‍ രക്തസമ്മര്‍ദം ഉയര്‍ത്താനും സാധ്യതയുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങളും ആല്‍ഡോസ്റ്റെറോണിസം പോലുള്ള ഹോര്‍മോണല്‍ തകരാറുകളും വൃക്കകളെ ബാധിച്ച് രക്തസമ്മര്ദമേറ്റാം. കടുത്ത കൂര്‍ക്കംവലിക്ക് കാരണമാകുന്ന സ്ലീപ് അപ്നിയ മൂലം ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ രക്തധമനികളുടെ ഭിത്തികള്‍ക്ക് ക്ഷതം വരാം. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാം. ഇതിനെല്ലാം പുറമേ ഗര്‍ഭധാരണം, ചില മരുന്നുകളുടെ അമിതമായ ഉപയോഗം തുടങ്ങിയവും സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിക്കാം.






