വളര്‍ത്തു നായയ്ക്ക് പല തരത്തിലുള്ള പരിശീലനങ്ങളും കൊടുക്കുന്നവരാണ് ഓരോ വീട്ടുടമസ്ഥരും. എന്നാല്‍ ചില സമയത്ത് ഇത്തരം പരിശീലനങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അത്തരത്തില്‍ സംഭവിച്ച ഒരു വാര്‍ത്തയെ കുറിച്ചാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുകെയിലെ ഒരു കുടുംബത്തിന് തങ്ങളുടെ വളര്‍ത്തു നായ മൂലം നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അടുക്കളയിലെ ടാപ്പ് എങ്ങനെ ഓണാക്കാമെന്ന് നായ പഠിച്ചതാണ് പ്രശ്നമായത്.
കുടുംബം വീട്ടിലില്ലാത്ത സമയത്ത് നായ ടാപ്പ് തുറന്നിട്ടതിനെ തുടര്‍ന്ന് വീടിനുള്ളില്‍ വെള്ളം കയറുകയും, നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്യുകയായിരുന്നു. ലാബ്രഡോറിന്റെയും, ഗ്രേറ്റ് ഡെയ്നിന്റെയും ക്രോസ്സായ ലാബ്രഡേന് ഇനത്തില്‍ പെട്ട നായയാണ് വീട്ടുകാര്‍ക്ക് വമ്പന്‍ പണി കൊടുത്തത്. ഉടമകള്‍ വീട്ടിലില്ലാത്ത സമയമായിരുന്നെങ്കിലും, വീടിന്റെ സുരക്ഷാ ക്യാമറയില്‍ വിസ്കി എന്ന നായയുടെ പ്രവൃത്തികള്‍ പതിഞ്ഞിരുന്നു.
അടുക്കളയിലെ സിങ്കില്‍ കൈകള്‍ വച്ചു കൊണ്ട് നായ പിന്‍കാലുകളില്‍ നില്‍ക്കുന്നത് ക്യാമറയില്‍ കാണാമായിരുന്നു. ഓണ്‍ലൈനില്‍ പങ്കിട്ട ചിത്രത്തില്‍ നായ ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കുന്നതും കാണാം. നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍, വീട്ടുകാര്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയായ അവിവയെ സമീപിച്ചു. വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരമൊരു സംഭവം ഇത് ആദ്യമായാണെന്നാണ് കമ്പനി പറയുന്നത്.






