
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ‘ഗംഗുഭായ് കത്യാവാടി’മികച്ച പ്രതികരണം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായ ഈ സിനിമയെയും ആലിയയെയും പ്രേക്ഷകര്‍ ഹൃദയം തുറന്നാണ് സ്വീകരിച്ചത്. ഈ സിനിമയുടെ പ്രചാരണാർഥം കുറച്ചു നാളായി വെള്ള വസ്ത്രങ്ങളിലായിരുന്നു ആലിയ ഭട്ട് പൊതുവേദികളിൽ എത്തിയിരുന്നത്. താരത്തിന്റെ ഈ ഗംഗുഭായി ഫാഷന്‍ നിരവധി അഭിനന്ദങ്ങളും കിട്ടിയിരുന്നു. എങ്കിലും ആലിയ പഴയ ‘കളർഫുൾ’ ഫാഷനിലേക്ക് തിരിച്ചെത്തണമെന്ന് ഒരുപാട് ആരാധകര്‍ ആഗ്രഹിച്ചിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് താരമിപ്പോള്‍.
പിങ്ക്–ഐവറി നിറത്തിലുള്ള ലെഹംഗയിലുള്ള ആലിയയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സീക്വൻ, അക്രിലിക്, മെറ്റാലിക് സൗന്ദര്യം നിറയുന്ന ലെഹംഗയാണിത്. മിറര്‍ വര്‍ക്ക് ചെയ്ത ലെഹംഗയില്‍ അതീവ സുന്ദരിയാണ് താരം. പിങ്ക് സ്ലീവ്ലസ് ബട്ടർഫ്ലൈ ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഡിസൈനർ ശുഭികയാണ് ഈ സ്റ്റൈലിഷ് വസ്ത്രം ഒരുക്കിയത്. 2.2 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.
കമ്മലുകൾ മാത്രമണിഞ്ഞ് മിനിമൽ മേക്കപ്പും ആക്സസറീസുമാണ് ആലിയ ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. പോണിടെയ്ൽ ഹെയർസ്റ്റൈൽ ആലിയയെ കൂടുതല്‍ സുന്ദരിയാക്കിയിട്ടുണ്ട്. എന്തായാലും ഗംഗുഭായിയുടെ വെള്ളയിൽനിന്നും ആലിയയുടെ വർണാഭമായ ഫാഷനിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആലിയയെ തിരിച്ചു കിട്ടിയെന്ന സന്തോഷത്തിലാണ് ആരാധകര്‍.






