ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഷൈന്‍ 125 മോഡലിന് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ഷൈന്‍ 125 ബൈക്ക് വാങ്ങുന്നവര്‍ക്ക് 5,999 രൂപയുടെ കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, അഞ്ച് ശതമാനം ക്യാഷ്ബാക്ക് (5,000 രൂപ വരെ), അല്ലെങ്കില്‍ 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ഓഫര്‍ 2022 മാര്‍ച്ച് 31 വരെ മാത്രമാണ് നല്‍കിയിരിക്കുന്നത്.
മിനിമം ഇടപാട് തുകയായ 30,000 രൂപയ്ക്ക് മാത്രമാകും അഞ്ച് ശതമാനം ക്യാഷ്ബാക്ക് ബാധകമാവുകയുള്ളൂവെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള EMI ഇടപാടുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ സാധുതയുള്ളൂ. ഹോണ്ട ജോയ് ക്ലബ് ലോയല്‍റ്റി അംഗത്വം വാങ്ങുമ്പോള്‍ 5 ലക്ഷം രൂപയുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമാണ്. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ 2022 ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ ഒരു കോടി യൂണിറ്റ് വില്‍പ്പന നാഴികക്കല്ലും കൈവരിച്ചിരുന്നു. ബിഎസ്-VI കംപ്ലയിന്റ് ഹോണ്ട ഷൈന്‍ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
അതില്‍ മോട്ടോര്‍സൈക്കിളിന്റെ ഡ്രം വേരിയന്റിന് 74,442 രൂപയും ഡിസ്ക് പതിപ്പിന് 78,842 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഷൈനിന്റെ ഹൃദയം. ഈ എയര്‍-കൂള്‍ഡ് യൂണിറ്റ് 7500 rpm-ല്‍ പരമാവധി 10.74 bhp കരുത്തും 6000 rpm-ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. എഞ്ചിന് കില്‍ സ്വിച്ച്, പാസ് സ്വിച്ച്, ഡിസി ഹെഡ്ലാമ്പ്, 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിന് സസ്പെന്ഷന്, ഇക്വലൈസറോടുകൂടിയ ബ്രാന്‍ഡിന്റെ തെളിയിക്കപ്പെട്ട കോംബി-ബ്രേക്ക് സിസ്റ്റം (CBS) എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.
വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവും ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട ഷൈനിന്റെ പ്രത്യേകതയാണ്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. ബ്രേക്കിംഗിനായി മോട്ടോര്‍സൈക്കിളിന്റെ ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മുന്‍വശത്ത് 240 mm ഡിസ്ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ഹോണ്ട ഷൈന്‍ 125 ഒരു കോടിയിലധികം ഉപഭോക്താക്കളെയാണ് ഇന്ത്യയില്‍ നിന്നും മാത്രമായി കണ്ടെത്തിയിരിക്കുന്നത്.






