
‘രാമലീല’ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ സംവിധായകനാണ് അരുണ്‍ഗോപി. ദിലീപ് നായകനായ ഈ ചിത്രത്തിന് ഏറെ പ്രശംസകളും കിട്ടിയിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഇരുപത്തൊന്നാം നൂറ്റാണ്ടായായിരുന്നു അരുണിന്റെ സംവിധാനത്തില്‍ പിറന്ന മറ്റൊരു ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അരുണ്‍ ഗോപി. തന്റെ അഭിപ്രായങ്ങളും സിനിമാവിശേഷങ്ങളും അരുണ്‍ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അരുണ്‍ ഗോപി. ഇന്നാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഒരു മകനും മകളും ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുണ്‍ പങ്കുവച്ചത്. ‘‘ഞാനും സൗമ്യയും ഇന്ന് ഒരു ആണ് കുഞ്ഞിനാലും ഒരു പെൺകുഞ്ഞിനാലും അനുഗ്രഹിക്കപ്പെട്ടവരാണ്. ഈ അത്ഭുതകരമായ ദിവസത്തിനായി ഞങ്ങൾ ദൈവത്തിന് നന്ദി പറയുകയും അവന്റെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്നു. ’’ എന്ന ക്യാപ്ഷനോടെയാണ് അരുണ്‍ സന്തോഷം ഷെയര്‍ ചെയ്തത്. പോസ്റ്റിന് താഴെ അദ്ദേഹത്തിന് സ്നേഹാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
2019 ലായിരുന്നു അരുണിന്റെയും സൗമ്യയുടെയും വിവാഹം. സെന്റ് തെരേസാസ് കോളജ് അധ്യാപികയാണ് സൗമ്യ. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.






