
കേരളത്തിലെ ഒരു കലാലയം. പോസ്റ്റ് ഗ്രാജ്വേഷന് ക്ലാസ്സാണ് രംഗം. കുറെ വിദ്യാര്‍ത്ഥിനികള്‍ ഡസ്ക്കിനു മുകളില്‍ കയറിനിന്ന് നോട്ടുബുക്കിലേക്ക് ബോര്‍ഡില്‍ വരച്ചിട്ട ഡയഗ്രം പകര്‍ത്തുകയാണ്. ഡസ്ക്കിന്റെ മുകളില്‍തന്നെ നിന്ന് അവര്‍ ആ ചിത്രം മനപ്പാഠമാക്കി, ടീച്ചറെ പറഞ്ഞുകേള്പ്പിച്ചശേഷം താഴെയിറങ്ങി സീറ്റിലിരുന്നു.
കുട്ടികള്‍ പാഠങ്ങള്‍ കൃത്യമായി പഠിക്കുകയും പിറ്റേദിവസം ചോദിക്കുമ്പോള്‍ ഉത്തരം പറയുകയും ചെയ്യണമെന്നത് നമ്മുടെ ക്ലാസ്സ് മുറി അധ്യയനത്തെ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാടാണ്. എന്നാല്‍ കലാലയപഠനം ക്ലാസ്സ് മുറിയില്‍ 'പഠിപ്പിക്കുന്നത്' അതേപടി പിറ്റേന്ന് ഓര്‍മ്മപരിശോധനയില്‍ പുനഃസൃഷ്ടിക്കപ്പെടുന്നതാണോ? നമ്മുടെ പരീക്ഷാസംവിധാനം ഇത്തരത്തിലുള്ള പഠനത്തെയാണ് ലക്ഷ്യമിടുന്നത്.
അത് വിദ്യാഭ്യാസവിചക്ഷണര്‍ ചര്‍ച്ച ചെയ്യട്ടെ. പക്ഷേ, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ ഡസ്ക്കിന് മുകളില്‍ കയറ്റിനിര്‍ത്തുന്നത് ശരിയായ ശിക്ഷാവിധിയാണോ? അവരുടെ ലൈംഗികാന്തസ്സ് ഹനിക്കപ്പെടുന്നില്ലേ? ക്ലാസ്സ് മുറിയില്‍ മറ്റുള്ളവരുടെ മുന്പില് അപഹാസ്യരാക്കപ്പെടാന് കുട്ടികള്‍ അനുവദിക്കപ്പെടേണ്ടതുണ്ടോ? ഏകാധികാരാധിഷ്ഠിതമായ അധ്യാപകരുടെ വിദ്യാഭ്യാസ കാലത്തിന്റെ പുനരവതരണമല്ലേ അത്? അധ്യാപകര്‍ക്ക് അനുശാസകരുടെ റോള്‍ മാത്രമേയുള്ളോ?
ഇനി മറ്റൊരു രംഗം. പ്രൈമറി ക്ലാസ്സിലെ ചില വിദ്യാര്‍ത്ഥികളെ ക്ലാസ്സ്മുറിയില്‍ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നു. ഒരു പീര്യഡാണ് കാലാവധി. നൂറു പ്രാവശ്യം ഇമ്പോസിഷന്‍ എഴുതുകയാണ് മറ്റൊരു കൂട്ടര്.
ക്ലാസ്സ് മുറിയിലെ തല്ലും അപമാനങ്ങളും മറ്റും തങ്ങളുടെ അവകാശമെന്ന വിധത്തില്‍ സഹിക്കാനും ഉള്‍ക്കൊള്ളാനും കുട്ടികളെ പ്രതിജ്ഞാബദ്ധരാക്കുന്ന ഒരു വിദ്യാഭ്യാസ കാലം നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുള്ള അപമാനങ്ങളും ശിക്ഷാനടപടികളും പരിശീലിച്ചുവരുന്നതിനാല് 222ഉം 21ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഡസ്ക്കിന്റെ മുകളില്‍ കയറ്റി നിര്‍ത്തപ്പെടുന്നതിന്റെ ശരികേടു പിടികിട്ടില്ല. അതിനാല്‍ അവര്‍ കയറിനില്ക്കും. എഴുതിപ്പഠിക്കും. തങ്ങളെ ബാധിച്ച പരാധീനത തിരിച്ചറിയാത്ത 'മിടുക്കി'കളായി ഉദ്യോഗം ഭരിക്കും.
വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒരു വസ്തുവായി വ്യവഹരിക്കപ്പെടുന്ന ഇക്കാലത്ത് അതിന്റെ ജ്ഞാനപരമായ വ്യവഹാര തലം അപായകരമാം വിധം നശിപ്പിക്കപ്പെടുകയാണ്. വിവരശേഖരണത്തിനും ഗ്രഹണത്തിനും പ്രയോഗത്തിനും വേണ്ടി പരുവപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ വെറും ഗുണഭോക്തൃസമൂഹമായി തങ്ങളെത്തന്നെ ധരിച്ചുവശാകുന്നു.
വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ട അവകാശബോധവും സമത്വചിന്തയും സ്വാതന്ത്ര്യബോധവും ഇല്ലാതാവുന്നു. ഈ സാങ്കേതിക യുഗത്തിലും അധ്യാപകര്‍ രക്ഷകരോ ശിക്ഷകരോ മാത്രമായി വ്യാഖ്യാനിക്കപ്പെപ്പടുന്നു. അപ്പോഴാണ് അധ്യാപകന് ഗൈഡും വഴികാട്ടിയും ഫിലോസഫറുമാണെന്ന പ്രബോധനം മനസ്സില്‍ വരുന്നത്്.
എന്നാലിന്നിതു മാറിവരുന്നുണ്ട്. പ്രത്യേക രീതിയില്‍ പല ഗ്രേഡുകളിലായി വിലയിടപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസം ആവിഷ്കാരത്തിലും ഫലപ്രയോജനത്തിലും ലാഭനിഷ്ഠമായ ഒന്നായിത്തീര്‍ന്നു. ഏതു കഠിനമാര്‍ഗ്ഗം അവലംബിച്ചിട്ടായാലും മാര്‍ക്ക്, ജോലി എന്നിവ മാത്രം മതിയെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജുമെന്റുകളും ചിന്തിക്കുന്നു.
കേരളത്തിലെ ഒരു എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ പഠിക്കുന്ന കുട്ടിയോട് അവിടെ നിങ്ങളെ വല്ലാതെ അപമാനിക്കാറില്ലേ?? എന്നു ചോദിച്ചപ്പോള്‍. അതൊക്കെ വല്യ കാര്യമാണോ, അപമാനം സഹിച്ചാലും റിസല്‍റ്റ് നന്നായി കിട്ടിയാല്‍ മതി.. എന്നായിരുന്നു ഒരു യുവാവിന്റെ മറുപടി.
വ്യവസ്ഥകളുടെ മര്ദ്ദകസ്വഭാവത്തെ മുന്‍കാലങ്ങളില്‍ ചോദ്യം ചെയ്തത് ഇതേ പ്രായക്കാര്‍ ആയിരുന്നു. ജോലിയും നിലനില്‍പ്പും അതിനുവേണ്ടുന്ന വിദ്യാഭ്യാസവും പ്രധാനമാണെങ്കിലും ഒരാളുടെ അന്തസ്സിനെ ചവിട്ടിത്തേയ്ക്കാത്ത വിധത്തിലുള്ള ശിക്ഷാനടപടികള്‍ പ്രയോഗിക്കപ്പെടുന്നതിനേക്കുറിച്ച് കൃത്യമായ ആലോചനകള്‍ വിദ്യാഭ്യാസരംഗത്ത് ആവശ്യമായിരിക്കുന്നു.
വിദ്യാലയങ്ങളിലെ ശിക്ഷാനടപടികള്‍ സര്ഗ്ഗാത്മകമാക്കുന്നതിനെക്കുറിച്ച് ചില ആലോചനകള്‍ ആവശ്യമാണ്. ഇന്നത്തെ ഒരു സംഗീത സംവിധായകന്, തന്റെ കലാലയത്തിനകത്ത് വികൃതിയും അല്പസ്വല്പം തല്ലുകൊള്ളിയുമായിരുന്നു. ഇയാളുടെ 'കലാപരിപാടി'കള്‍ ദുസ്സഹമായപ്പോ ള്‍ അന്നത്തെ പ്രിന്‍സിപ്പല്‍ അയാള്‍ക്ക് ഒരു പണീഷ്മെന്റ് നല്കി.
കോളേജിനുവേണ്ടി ഒരു കലാലയഗീതം രചിച്ച് ഈണം നല്‍കുക. ഒരാഴ്ചയ്ക്കുള്ളില്‍ ഗാനം റെഡി. പിന്നീട് ആ പ്രിന്‍സിപ്പലിന്റെ കാലത്തുടനീളം ഈ ഗാനം രാവിലെ കലാലയത്തില്‍ മുഴങ്ങി. ഇങ്ങനെയുള്ള പ്രിന്‍സിപ്പല്‍മാര്‍ ധാരാളമായി ഈ നാടിന് ആവശ്യമാണ്.
മുട്ടുകുത്തി നിര്‍ത്തുന്നതിനു പകരം മുറ്റത്ത് ഒരു ചെടി കുഴിച്ചു വയ്പ്പിക്കുകയും ദിവസവും അതിന് വെള്ളമൊഴിപ്പിക്കുകയും ചെയ്താല്‍ സംഹാരോന്മുഖതയ്ക്കുപകരം സൃഷ്ഠ്യന്മുഖതയിലേയ്ക്ക് കുട്ടി ചുവടും വച്ചേനേ. ചെത്തിയൊരുക്കിയ മുറ്റങ്ങളും ലോണുകളും ഒരേപോലെ കത്രിച്ച ചെടികളും ഒരേപോലെ ചവിട്ടിയൊരുക്കിയ വിദ്യാര്‍ത്ഥികളും ചേര്‍ന്നതാണ് നമ്മുടെ മിക്ക കലാലയങ്ങളും.
അനുസരിക്കാനും വിധേയപ്പെടാനും ചോദ്യം ചോദിക്കാതിരിക്കാനും സംഘടിതമായതും സ്വയംകര്തൃത്വമുള്ളതുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും പ്രലോഭിപ്പിക്കുന്ന വിദ്യാഭ്യാസരീതികള്‍ക്ക് ഇന്ന് മേല്‍ക്കൈ ലഭിക്കുന്നു. ഭരണകൂടവും മതസ്ഥാപനങ്ങളും കോര്‍പറേറ്റുകളും ആഗ്രഹിക്കുന്നതും ഇത്തരം കൂട്ടങ്ങളെയായിരിക്കുമല്ലോ. വിദ്യാഭ്യാസത്തിന് ഒരു ജൈവപ്രകൃതമുണ്ട്.
അതില്‍ ഇടപെടുന്നവര്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മനുഷ്യരാണ്. മനുഷ്യരെന്ന നിലയില്‍ ഇവര്‍ക്കു ലഭിക്കേണ്ട അന്തസ്സും സ്വാഭിമാനവും ഉറപ്പുവരുത്താ ന് വിദ്യാലയങ്ങള്ക്കാവണം. സര്‍വജ്ഞ നും സര്‍വശക്തനുമായ പരാശക്തിയൊന്നുമല്ല അധ്യാപകന് എന്ന് അധ്യാപകര്‍ക്ക് ആത്മബോധം വേണം. പലപ്പോഴും ക്ലാസ്സ് മുറിയെ അധികാര ഇടമായി ആളുകള്‍ കരുതുന്നു.
വിദ്യാര്‍ത്ഥികളോട് ജനാധിപത്യബോധത്തോടെ ഇടപെടാന്‍ അധ്യാപകര്‍ക്കാവണം. അധ്യാപകരുടെ വ്യക്തിത്വവും അഭിമാനവും പാലിക്കാന്‍ സാധിക്കുന്ന വിദ്യാലയ/കലാലയ അന്തരീക്ഷം നിലനില്‍ക്കണം. മേലധികാരികള്‍ക്ക് ഇതിന് അവബോധം നല്‍കണം.
വിദ്യാര്‍ത്ഥികളുടെ മുന്പില് വച്ച് അധ്യാപകരെ അധിക്ഷേപിക്കുന്ന മേലധികാരികളും സഹപാഠികളുടെ മുന്പില് വച്ച് അപമാനിതരാകുന്ന വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ സംവിധാനത്തില്‍ ഇല്ലാതായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. ഇങ്ങനെയൊരാഗ്രഹം ശക്തിപ്പെടാന്‍ കാരണം ഇതിനു വിരുദ്ധമായ സംഭവങ്ങള്‍ ദൃഷ്ടാന്തങ്ങളായി മുന്പില് വന്ന് അണിനിരക്കുന്നുവെന്നതാണ്.
കൗണ്ട് ഓഫ് മോണ്ടീക്രിസ്റ്റോ എന്ന സിനിമയിലെ ഒരു രംഗം ഞാന്‍ ഓര്‍മ്മിക്കാറുണ്ട്. തടവില്‍ കിടക്കുന്ന മോണ്ടീക്രിസ്റ്റോയെ ഏകാന്തജയിലിലെ മറ്റൊരു സെല്ലില്‍ അടയ്ക്കപ്പെട്ട വൃദ്ധന് പഠിപ്പിക്കുന്നു.
ഇനിയൊരിക്കലും പുറത്തുകടക്കാനാവില്ല എന്ന നിരാശയെ പടികടത്തുന്നതിനൊപ്പം തനിക്കറിയാവുന്ന എല്ലാ വിദ്യകളും അയാള്‍ മോണ്ടീക്രിസ്റ്റോയെ പഠിപ്പിക്കുന്നുണ്ട്.
റേഷന്‍പോലെ കിട്ടുന്ന മെഴുകുതിരി മാത്രമാണ് ആ കരിങ്കല്കോട്ടയിലെ ഇരുട്ടുമാറ്റാനുള്ള ഏക മാര്‍ഗ്ഗം. മെഴുകുതിരികള്‍ കത്തിത്തീരാന്‍ തുടങ്ങുമ്പോള്‍ ആ ജ്ഞാനവൃദ്ധന്‍ തന്റെ താടിമീശ മുറിച്ച് മെഴുകുതിരി അതില്‍ പിടിപ്പിച്ച് കത്തിച്ചുനിര്ത്തിയാണ് പഠനം പൂര്ത്തിയാക്കിക്കുന്നത്. സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവുമുള്ള ആ അധ്യാപനരംഗം സിനിമ കണ്ടിട്ടെത്രയോ വര്‍ഷമായെങ്കിലും ഇന്നും മനസ്സില്‍ നില്ക്കുന്നു.
അധ്യാപകരെന്നത് എത്രയോ പഴക്കമുള്ള ഒരു വിഭാഗമാണ്. പാഠഭാഗങ്ങള്‍ക്കപ്പുറം ആ വ്യക്തി ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ശേഷിപ്പിക്കുന്ന വൈകാരിക സ്വാധീനങ്ങള്‍ പ്രധാനപ്പെട്ടവയാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകളിലേക്ക് നമ്മുടെ വിദ്യാഭ്യാസം മാറുന്നുവെങ്കിലും യന്ത്രങ്ങള്ക്കപ്പുറം വ്യക്തിയിലേക്ക് പകരുന്ന സ്നേഹശക്തി പ്രധാനമാണ്.






