
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്ലും ഇന്ത്യന്‍ വംശജയായ വിനി രാമനും വിവാഹിതരായത്. ക്രിസ്ത്യന്‍ ആചാരപ്രകാരമുളള വിവാഹ ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഹല്‍ദി സെറിമണിയില്‍ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനി.
പരമ്പരാഗത ഇന്ത്യന്‍ ശൈലിയിലുള്ള ഔട്ട്ഫിറ്റില്‍ എത്തിയ മാക്സ്വെല്ലും വിനിയും ആണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 27നാണ് തമിഴ് ആചാരപ്രകാരമുള്ള വിവാഹം നടത്തുന്നത്. ഇതിനോട് അനുബന്ധിച്ച് നടത്തിയ ഹല്‍ദി സെറിമണിയില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നത്. വിനിയെ ചേര്‍ത്തുനിര്‍ത്തി നിറുകയില്‍ ചുംബിക്കുന്ന മാക്സ്വെല്ലാണ് ചിത്രത്തിലുളളത്.
ഹല്‍ദി സെറിമണിയില്‍ നിന്നുള്ള ഒരു ചിത്രമെന്നും വെഡ്ഡിങ് വീക് ആരംഭിച്ചു എന്നും കുറിച്ചാണ് വിനി ചിത്രം പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള ബന്ദ്ഗാല ധരിച്ചാണ് മാക്സ്വെല് ഹല്‍ദിക്കായി എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ചുഡിബോട്ടമാണ് ഒപ്പം ധരിച്ചത്.
വീതിയുള്ള ഓറഞ്ച് ബോര്‍ഡറോടു കൂടിയ പച്ചനിറത്തിലുള്ള സാരിയാണ് വിനി ധരിച്ചിരുന്നത്. ഒപ്പം എംബ്രോയ്ഡറി വര്‍ക്കുകളോടു കൂടിയ ഓറഞ്ച് ബ്ലൗസാണ് വിനി ധരിച്ചത്. സാരിക്കു ചേരുന്ന പച്ചനിറത്തിലുള്ള വളകളും പച്ചക്കല്ലുകളുള്ള കമ്മലും മാലയുമാണ് വിനി ഹല്‍ദിക്കായി അണിഞ്ഞത്.
തമിഴ്നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും മെല്‍ബണിലാണ്. ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണിവര്‍. ചെന്നൈ വെസ്റ്റ് മാമ്പലത്താണ് വിനിയുടെ കുടുംബവീട്.
2013 ഡിസംബറില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിയില്‍വെച്ചായിരുന്നു വിനിയെ ആദ്യമായി മാക്സ്വെല് കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസം.






