
സാമ്പത്തികശേഷിയും സ്വാധീനശക്തിയുമുളള അധീശവിഭാഗങ്ങളാല്‍ അതിക്രൂരമായി വഞ്ചിക്കപ്പെട്ട സാധാരണക്കാരിയായ രാധാമണിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരുത്തി തീയറ്ററുകള്‍ പൂരപ്പറമ്പാക്കുമ്പോള് കേരളീയ സ്ത്രീത്വം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ കൊച്ചു സിനിമയെ. ഒരുത്തിയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന നവ്യാ നായരുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍...
ഒരുത്തി പറയാന്‍ ശ്രമിക്കുന്നത് നീതിനിഷേധത്തിന്റെയും അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെയും കഥയാണ്. ഏതെങ്കിലും തരത്തില്‍ വ്യക്തിജീവിതത്തില്‍ നീതിനിഷേധം നേരിടേണ്ടി വന്നിട്ടുണ്ടോ?
ഏതൊരു പെണ്ണിനെയുംപോലെ നേരിയ ചില അനുഭവങ്ങള്‍ ഒഴിച്ചാല്‍ എനിക്ക് കാര്യമായ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. സാമ്പത്തികമായും സ്വാധീനശക്തികൊണ്ടും മുന്‍നിരയില്‍ നില്ക്കുന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാവാം. എന്നാല്‍ നീതി നിഷേധിക്കപ്പെട്ട ധാരാളം പേരുടെ അനുഭവങ്ങള്‍ കണ്മുന്നിലുണ്ട്. എന്റെ സഹപ്രവര്‍ത്തക അടക്കം ഇത്തരം അനുഭവങ്ങളുടെ ബലിയാടുകളാണ്. ഇന്നും പെണ്ണിനെ രണ്ടാം തരം പൗരനായി കാണുന്ന ധാരാളം പേരുണ്ട്. സ്ത്രീകളോട് എന്തും ആവാം എന്നതാണ് ഇവരുടെ ഉളളിലിരിപ്പ്. ഇതിനൊരു മാറ്റം വന്നേ തീരു. ഏറെക്കുറെ വന്ന് തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാം.
സിനിമയിലുടനീളം കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചുകൊണ്ട് ഒരിടത്ത് അടങ്ങിയിരിക്കാന്‍ കഴിയാതെ നിരന്തരം ഓടുകയാണ് രാധാമണി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരമൊരു കഥാപാത്രം. ഇത് അവതരിപ്പിക്കുമ്പോഴുളള മാനസികാവസ്ഥ എന്തായിരുന്നു?
ശരിക്കും രാധാമണിയുടെ ഫീല്‍ ഉള്‍ക്കൊണ്ട് തന്നെയാണ് അഭിനയിച്ചത്. ശാരീരികമായും മാനസികമായും ഏറെ ക്ളേശങ്ങള്‍ സഹിച്ചു. അതിന്റെ ഫലം ലഭിച്ചു തുടങ്ങിയിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണ് സിനിമ കണ്ടവരില്‍ നിന്ന് ലഭിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകര്‍ പടം ഏറ്റെടുത്തു കഴിഞ്ഞു.
രാധാമണിക്ക് ഒരു ഭര്‍ത്താവ് ഉണ്ടെങ്കിലും അയാളുടെ ഫിസിക്കല്‍ പ്രസന്‍സില്ല. രാധാമണി തനിച്ചാണ് എല്ലാ പ്രതിസന്ധികളെയും നേരിടുന്നത്. ഒരു പുരുഷന്റെ പിന്‍ബലമില്ലാതെയും ഒരു സ്ത്രീക്ക് ഏത് തരം പ്രതിസന്ധികളെയും നേരിടാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?
എത്രയോ സ്ത്രീകള്‍ തനിച്ച് നിന്ന് ജീവിതത്തെ നേരിടുന്നു. ജസ്റ്റിസ് ഫാത്തിമാ ബീവി മുതല്‍ ജയലളിതയും മമതാ ബാനര്‍ജിയും അടക്കം ഉരുക്കുവനിതകളെന്ന് കരുതുന്ന പലരും വിവാഹം പോലും കഴിച്ചിട്ടില്ല. വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ വിവാഹിതയായിരുന്ന കാലത്തേക്കാള്‍ നന്നായി ജീവിക്കുന്നില്ലേ. മനസുണ്ടെങ്കില്‍ വഴിയുമുണ്ട് എന്നതാണ് സത്യം. അതിന് സ്ത്രീ മാനസികമായി പാകപ്പെടണമെന്ന് മാത്രം.
ഒരു പെണ്ണ് മനസ് വച്ചാല്‍ ഏതറ്റം വരെയും പോരാടി ജയിക്കാന്‍ കഴിയും എന്ന ഒരു നിശ്ശബ്ദ സന്ദേശം കൂടി സിനിമ മൂന്നോട്ട് വയ്ക്കുന്നില്ലേ? യഥാര്‍ത്ഥത്തില്‍ അത്രയ്ക്ക് കരുത്തുളള ഒരു ജന്മമാണോ സ്ത്രീ?
ഇന്ദിരാഗാന്ധിയെ പോലെ മാര്‍ഗരറ്റ് താച്ചറെ പോലെയുളള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലില്ലേ? എന്തിന് യാതൊരു വിധ അധികാരത്തിന്റെയും പിന്‍ബലമില്ലാത്ത സാധാരണ സ്ത്രീകള്‍ പോലും ജീവിതത്തെ സമര്‍ത്ഥമായി നേരിടുന്നു. കുടുംബശ്രീ പോലുളള വനിതാ കൂട്ടായ്മകള്‍ എത്ര ഭംഗിയായി അടുക്കും ചിട്ടയോടെയും നടക്കുന്നു. പുരുഷന് പോലും സാധിക്കാത്ത കാര്യങ്ങളാണിത്. തനിച്ചു നിന്നും പോരാടുന്ന ധാരാളം വനിതകളുണ്ട്.
ഒരുത്തി നായികാ പ്രാധാന്യമുളള സിനിമയാണ്. ഈ സിനിമയുടെ ഭാരം പൂര്‍ണ്ണമായും താങ്ങുന്നത് നായികയാണ്. സ്വാഭാവികമായും വലിയ ഉത്തരവാദിത്തമാണ് ഏതെങ്കിലും ഘട്ടത്തില്‍ ഭയം തോന്നിയോ?
ഇല്ല. നന്ദനം അടക്കം സ്ത്രീപ്രാധാന്യമുളള വേഷങ്ങള്‍ അവതരിപ്പിച്ച ഘട്ടങ്ങളിലെല്ലാം പ്രേക്ഷകര്‍ എനിക്കൊപ്പം നിന്നിട്ടുണ്ട്. രണ്ടാംവരവിലും അവര്‍ ആ പിന്തുണ നല്‍കുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. സിനിമയുടെ വിജയം അതാണ് തെളിയിക്കുന്നത്.
നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയരംഗത്ത് സജീവമായി നില്‍ക്കുമോ?
തീര്‍ച്ചയായും. ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടാവണമെന്ന് മാത്രം.
സിനിമാ സംവിധാനത്തിനുളള ശ്രമങ്ങളും ഒരുക്കങ്ങളും നടക്കുന്നതായി അറിയാം. ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ക്രിയേറ്റീവായ തലത്തിലേക്ക് വഴിമാറുന്നത് എന്തിനാണ്?
അഭിനേതാവ് ചെയ്യുന്നത് തിരക്കഥാകൃത്ത് എഴുതി വച്ച് സംവിധായകന് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളാണ്. അവരുടെ മനസും ആശയങ്ങളും നമ്മള് എന്ന ഉപകരണത്തിലുടെ പുറംലോകത്ത് എത്തിക്കുകയാണ്. പകരം നമുക്ക് പറയാനുളള കാര്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കണമെങ്കില്‍ സ്വന്തമായി എഴുതി സിനിമ സംവിധാനം ചെയ്യണം. നമ്മുടെ ക്രിയേറ്റിവിറ്റി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത് ആ സന്ദര്‍ഭത്തിലാണ്. എല്ലാ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകളും ഒരു പടമെങ്കിലും സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചേക്കാം.
ഒരുത്തി കണ്ടിട്ട് മകന് എന്ത് പറഞ്ഞു? അമ്മ അഭിനയിക്കുന്നതിനെക്കുറിച്ച് സായിയുടെ അഭിപ്രായം എന്താണ്?
അവന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. ഞാന്‍ സീരിയസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കാണുന്നതാണ് അവനിഷ്ടം. അവന് പൊതുവെ സീരിയസ് സിനിമകളുടെ ആളാണ്. തനിയാവര്ത്തനമൊക്കെ കണ്ടിട്ട് സിബി അങ്കിളിനെ വിളിച്ച് സംസാരിച്ചയാളാണ് കക്ഷി.
മകനും നടനായി അരങ്ങേറാനിടയുണ്ടോ?
അഭിനയിക്കണമെന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അവന് അങ്ങനെയൊരു യോഗമുണ്ടെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും.
വ്യക്തി ജീവിതത്തില്‍ വളരെ സെന്‍സിറ്റീവാണെന്ന് അറിയാം. രാധാമണിയുടെ ആര്‍ജ്ജവം നവ്യയ്ക്കുണ്ടോ? പ്രതിസന്ധികളോട് ഒറ്റയ്ക്ക് നിന്ന് പൊരുതാന്‍ ധൈര്യമുണ്ടോ? അത്രയധികം ഫയര്‍ ഉളളില്‍ സൂക്ഷിക്കുന്നുണ്ടോ?
ഞാന്‍ വലിയ ധൈര്യവതിയോ തന്റേടിയോ ഒന്നുമല്ല. എന്ന് കരുതി പ്രശ്നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളുമല്ല. അവസാന നിമിഷം വരെ പോരാടുന്ന ഒരു മനസുണ്ട്. ബാക്കിയൊക്കെ ദൈവത്തിന് വിട്ടുകൊടുക്കും.
ഒരിക്കല്‍ സുന്ദരിയല്ലെന്ന അപകര്‍ഷതാബോധം സൂക്ഷിച്ചിരുന്നെന്നും ഇന്ന് അതൊന്നും ഒരു പ്രശ്നമല്ലെന്നും ഒരു അഭിമുഖത്തില്‍ കണ്ടു. എങ്ങനെയാണ് ഈ തിരിച്ചറിവില്‍ എത്തിയത്?
ഒരാളൂടെ ഭംഗി അയാളുടെ മനസിലാണ് ഇരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉളള കാര്യം ഉളള പോലെ തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍. മനസിലൊന്ന് വച്ച് മറ്റൊരു രീതിയില്‍ പെരുമാറാന്‍ അറിയില്ല. വളരെ സെന്‍സീറ്റീവാണ്. ആരെയും വേദനിപ്പിക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. മറ്റുളളവരെ സ്നേഹിക്കുന്ന ഒരു മനസുണ്ട്. ഇതൊക്കെയല്ലേ നമ്മുടെ ഭംഗി.
ശബ്ദത്തിലുടെ മാത്രം പിന്തുണയ്ക്കുന്ന പുരുഷന്. ഒരു വീഡിയോ കാളില്‍ വരുമ്പോള്‍ അത് കട്ട് ചെയ്ത് നോര്‍മല്‍ കാള്‍ ചെയ്യാനാണ് രാധാമണി ഭര്‍ത്താവിനോട് പറയുന്നത്. മാനസികമായി പിന്തുണ തരുന്ന പുരുഷന്റെ ശബ്ദം മതിയോ ഒരു സ്ത്രീക്ക് മുന്നോട്ട് പോകാന്‍? സാമീപ്യം നിര്‍ബന്ധമല്ലേ?
ഈയിടെ ഒരു മിനികൂപ്പര്‍ സ്വന്തമാക്കിയിരുന്നല്ലോ. കാറുകള്‍ അത്ര ക്രേസാണോ?
ക്രേസ് എന്നൊന്നും പറയാനാവില്ല. പക്ഷെ കാലത്തിനൊത്ത് നമ്മളും മാറണ്ടേ? ഇന്നോവ ഇറങ്ങിയ കാലത്ത് അത് ആദ്യം സ്വന്തമാക്കിയവരില്‍ ഒരാളായിരുന്നു ഞാന്‍. മിനികൂപ്പറൂം ഒരു മോഹമായിരുന്നു.
കൊച്ചിയിലേക്ക് താമസം മാറ്റിയത് നൃത്തത്തിലും അഭിനയത്തിലും കൂടുതല്‍ സജീവമാകാനുളള ശ്രമത്തിന്റെ ഭാഗമായാണോ?
തീര്‍ച്ചയായും. നൃത്തപഠനം, നൃത്തപരിപാടികള്‍, അഭിനയം എല്ലാം ലക്ഷ്യങ്ങളിലുണ്ട്. മകനെ ചോയ്സ് സ്കൂളില്‍ ചേര്‍ത്തു. കൊച്ചിയില്‍ ആദ്യം വാടകയ്ക്ക് ആയിരുന്നു. ഇപ്പോള്‍ പടമുകളില്‍ സ്വന്തമായി വീട് വച്ചു.
കുടുംബജീവിതം മാത്രമായി ഒതുങ്ങിക്കഴിഞ്ഞ പത്ത് വര്‍ഷക്കാലം?
ആളും ബഹളവും ആരാധകരുമൊക്കെയായി സദാ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഒരാള്‍ മുംബൈയിലെ ഫ്ളാറ്റില്‍ തനിച്ച് കഴിയുന്ന സ്ഥിതി ഒന്നോര്‍ത്ത് നോക്കൂ. സന്തോഷേട്ടന് രാവിലെ ജോലിക്ക് പൊയ്ക്കഴിഞ്ഞാല് പിന്നെ ഫ്ളാറ്റില്‍ ഞാന്‍ മാത്രം. വെറുതെ ലിപ്സ്റ്റിക്ക് ഒക്കെയിട്ട് ഒരുങ്ങി കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്വയം അഭിനയിച്ചു നോക്കും. മോന് വന്നതോടെ ആ ഏകാന്തതയില്‍ കുറച്ച് മാറ്റം വന്നു. അവന് സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഞാന്‍ വീണ്ടും തനിച്ചായി. അതിനിടയില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തു. കന്നടയില്‍ ദൃശ്യത്തിന്റെ റീമേക്കില്‍ അഭിനയിച്ചു.
ജീവിതത്തില്‍ ഏറ്റവും പ്രധാനമായി കരുതുന്നത് എന്താണ്?
മനസമാധാനം. ഉളളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ എനിക്കറിയാം. കഞ്ഞിയും പയറും കിട്ടിയാലും മതിയെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഒരു ഇടത്തരം കൂടുംബത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടുളള ഗുണമാണ് അത്.
പ്രേക്ഷകരോട് എന്താണ് പറയാനുളളത്?