
മൃഗങ്ങള്‍ക്കെതിരായ ക്രൂരതകളെ കുറിച്ചുള്ള വീഡിയോകളും വാര്‍ത്തകളും പുറത്ത് വരാറുണ്ട്. ഇപ്പോള്‍ ഗുജറാത്തിലെ ജാഫ്രാബാദ് താലൂക്കിലെ ഫച്ചാരിയ ഗ്രാമത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ഒരാള്‍ തന്റെ കാറുമായി ഒരു ഏഷ്യന്‍ സിംഹത്തെ പിന്തുടരുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.
കാറില്‍ പിന്തുടരുമ്പോള് ഭയന്ന സിംഹം ഓടിയൊളിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. സിംഹം ഓടുന്ന അതേ വേഗത്തില്‍ കാറുമായി ഇദ്ദേഹവും പിന്തുടരുകയാണ്. എന്നാല്‍ സിംഹം നിസ്സഹായനായി സുരക്ഷിതമായ ഒരു മൂല കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സിംഹം ഓടുന്നിടത്തെല്ലാം ആ മനുഷ്യന് മനഃപൂര്‍വം കാര്‍ കൊണ്ടുപോകുന്നതായും വീഡിയോയില്‍ കാണാം. കാര്‍ നിര്‍ത്താതെ സിംഹത്തെ പിന്തുടരുകയും അതിന്റെ ഹെഡ്ലൈറ്റ് സിംഹത്തെ ലക്ഷ്യം വയ്ക്കുന്നതും കാണാം.
ഈ വീഡിയോ വൈറലായതോടെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്. 'ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു, പ്രാഥമിക തെളിവുകള്‍ ശേഖരിച്ച ശേഷം വന്യജീവി സംരക്ഷണ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും' - ഷെട്രുന്ജി ഡിവിഷന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജയന് പട്ടേല്‍ ടെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.






