മുലപ്പാല്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധയമാകുകയാണ് ഒരു കമ്പനി. ലോകമെമ്പാടുമുള്ള അമ്മമാര്‍ തങ്ങളുടെ മുലയൂട്ടല്‍ യാത്രയുടെ ഓര്‍മ്മയ്ക്കായി മുലപ്പാലില്‍ നിന്നും നിര്‍മ്മിച്ച ആഭരണങ്ങള്‍ സൂക്ഷിക്കാനാഗ്രഹിക്കുന്നു ഇവര്‍ക്കായാണ് 'മജന്ത ഫ്ളവേഴ്സ്' എന്ന കമ്പനി ആഭരണങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്. ലണ്ടനിലെ ബെക്സ്ലിയില് നിന്നുള്ള സഫിയയും ആദം റിയാദും ഒരുമിച്ചാണ് 'മജന്ത ഫ്ളവേഴ്സ്' എന്ന കമ്പനി ആരംഭിച്ചത്.
'മജന്ത ഫ്ളവേഴ്സ്' പ്രത്യേക അവസരങ്ങളിലുപയോഗിച്ചിരുന്ന പൂക്കള്‍ ആളുകള്‍ക്ക് സൂക്ഷിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ച് നല്കുന്ന കമ്പനി ആയിരുന്നു. 2019-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ മജന്ത ഫ്ളവേഴ്സ് 4,000 -ത്തിലധികം ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. പിന്നീട് മുലപ്പാല്‍ കൊണ്ട് ആഭരണങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. ഇതോടെ കമ്പനി കൂടുതല്‍ ലാഭത്തിലെത്തി. 2023-ല്‍ 1.5 മില്യണ്‍ പൗണ്ട് (15 കോടി രൂപ) വിറ്റു വരവ് പ്രതീക്ഷിക്കുന്നതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈകൊണ്ട് നിര്‍മ്മിച്ച മുലപ്പാല്‍ നെക്ലേസുകള്‍, കമ്മലുകള്‍, ചാംസ്, മോതിരങ്ങള്‍ എന്നിവ മജന്ത ഫ്ലവേഴ്സ് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. എങ്ങനെ മുലപ്പാല്‍ അണിയാനാവുന്ന ഒരു ആഭരണമാക്കി മാറ്റാം എന്നതിനെ ചൊല്ലി മജന്ത ഫ്ലവേഴ്സ് ആഴത്തിലുള്ള ഗവേഷണം തന്നെ നടത്തി. മുലപ്പാല്‍ ആഭരണങ്ങളിലും അതിന്റെ നിറം നിലനിര്‍ത്തുന്നു. പിന്നീട്, അതിന് ആവശ്യമുള്ള സാങ്കേതികമായ പ്രക്രിയകളിലേക്ക് സഫിയ ഇറങ്ങി. അതിനായി, ആഭരണങ്ങള്‍ വര്‍ഷങ്ങളോളം മോശം വരാതെ നില്‍ക്കാനുള്ള തരത്തില്‍ ഗുണനിലവാരം ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി. മൂന്ന് കുട്ടികളുടെ അമ്മയാണ് സഫിയ. അതിനാല്‍ തന്നെ മുലയൂട്ടുന്ന കാലത്തെ പ്രയാസങ്ങള്‍ എത്രത്തോളമുണ്ട് എന്നത് അവള്‍ക്ക് വ്യക്തമായി അറിയാം. ആ സമയത്തെ യാത്ര ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്തി വയ്ക്കണം എന്നത് ഏതൊരമ്മയുടേയും ആഗ്രഹമായിരിക്കുമെന്നും സഫിയക്ക് തോന്നി.
'' മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ ഒരുപാട് ആശങ്കകളും മറ്റും നിലനില്‍ക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് അതിലൊന്ന് പൊതുസ്ഥലത്ത് മുലയൂട്ടലാണ്. ഒപ്പം മുലയൂട്ടല്‍ അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കുമിടയില്‍ ഒരു വൈകാരികമായ ബന്ധമുണ്ടാക്കിയെടുക്കുന്ന ഒന്നാണ്. ഒപ്പം ആ പ്രിയങ്കരമായ ബന്ധം അവര്‍ ആഘോഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പല ഉപഭോക്താക്കള്‍ക്കും തങ്ങളുടെ മുലയൂട്ടല്‍ യാത്ര അവസാനിച്ചതില്‍ പലപ്പോഴും സങ്കടമുണ്ട്, അതിനാല്‍ മുലയൂട്ടല്‍ അനുഭവത്തിന്റെ മനോഹരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായ ഭാഗങ്ങള്‍ ഓര്‍ക്കാനും അത് ആഘോഷിക്കാനുമുള്ള ഒരു മാര്‍ഗമാണ് ഈ ആഭരണങ്ങള്‍. ഇത് അമ്മമാരെ അവരുടെ യാത്ര അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നു'' - സഫിയ വിശദീകരിച്ചു.




