
സാധാരണ കലാകാരന്മാര് ചിത്രം വരയ്ക്കുന്നത് പെയ്ന്റിംഗ് ബ്രഷ് കൊണ്ടാണ്. എന്നാല്‍ മിയാമിയില്‍ നിന്നുള്ള കലാകാരിയായ കരോലിന് ചിത്രം വരയ്ക്കുന്നത് മോപ്പ് ഉപയോഗിച്ചാണ്. സാധാരണ ആളുകള്‍ പെയ്ന്റിംഗ് ബ്രഷു കൊണ്ട് വരയ്ക്കുമ്പോള്‍ കരോലിന് ഇങ്ങനെ ചിത്രം വരയ്ക്കുന്നത് പലര്‍ക്കും അംഗീകരിയ്ക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യമായി കരോലിന്റെ ചിത്രം ടിക്ടോക്കില്‍ വന്നപ്പോള്‍ വലിയ കോളിളക്കമായിരുന്നു ഉണ്ടായിരുന്നത്.
ഇതാണോ കലയെന്ന് ആളുകള്‍ ദേഷ്യത്തോടെ ചോദിച്ചു. ഒരുപാട് വിമര്‍ശനങ്ങളും, അപമാനങ്ങളും അവള് നേരിട്ടു. എന്നിട്ടും കരോലിന് മാത്രം അതില്‍ നിന്ന് പിന്മാറിയില്ല. അവള് മോപ് ഉപയോഗിച്ച് പുതിയ കലാസൃഷ്ടികള്‍ നടത്തിക്കൊണ്ടിരുന്നു. ഇതോടെ പലരും കരോലിന്റെ സൃഷ്ടികള്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. കരോലിന് കുട്ടിക്കാലം മുതല്‍ തന്നെ കലയോട് വല്ലാത്ത താല്പര്യമുണ്ടായിരുന്നു. കലാകാരിയാകുന്നതിന് മുന്‍പ് തന്നെ അവള് ഒരു ഫോട്ടോഗ്രാഫറായിരുന്നു. കൗമാരത്തിന്റെ തുടക്കത്തില്‍ അമ്മയില്‍ നിന്ന് അവള്‍ക്ക് ആദ്യമായി ഒരു ക്യാമറ സമ്മാനമായി ലഭിച്ചു. അതോടെ ഫോട്ടോ എടുക്കല്‍ അവള്‍ക്ക് വല്ലാത്തൊരു പാഷനായി മാറി.
പിന്നീട് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്കിലേക്ക് മാറുകയും അവിടെ ഒരു ഗാലറിയില്‍ ജോലി ചെയ്യുകയും ചെയ്തു. ന്യൂയോര്‍ക്കിലെ സ്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്ന് ഫോട്ടോ, വീഡിയോ, അനുബന്ധ മാധ്യമങ്ങള്‍ എന്നിവയില്‍ അവള് ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് വിവാഹം കഴിക്കുകയും ഒരു വര്‍ഷത്തിനു ശേഷം സൗത്ത് ഫ്ലോറിഡയിലേക്ക് മാറുകയും ചെയ്തു.
ഇരുപത് വര്‍ഷത്തെ പരിചയ സമ്പന്നതയോടെയാണ് ഫോട്ടോഗ്രാഫിയില്‍ നിന്ന് കരോലിന് പ്രകടന കലയിലേക്കും ചിത്രകലയിലേക്കും മാറിയത്. ചലനത്തിലൂടെ സ്വയം പ്രകടിപ്പിക്കാന്‍ അവള് ആഗ്രഹിച്ചു. അവളുടെ എല്ലാ പ്രശസ്ത പെയിന്റിംഗുകളും ഒരു മോപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവളുടെ സൃഷ്ടികള്‍ ഇപ്പോള്‍ ഫ്ലോറിഡയിലെ പാന്‍ അമേരിക്കന്‍ ആര്‍ട്ട് പ്രോജക്ട്സ് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട്ടി അവാര്‍ഡുകളും സിയീന ഇന്റര്‍നാഷണല്‍ ഫോട്ടോ അവാര്‍ഡുകളും അവളുടെ സൃഷ്ടികളെ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ 2016 -ലെ ഐപിപിഎ അവാര്‍ഡ് ജേതാവ് കൂടിയാണ് അവള്.






