
നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്ത് വൈദ്യുതവാഹന രജിസ്ട്രേഷന് നാലുലക്ഷം കടന്നു. വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് നഗര മേഖലകളില്‍ സ്വീകാര്യത കൂടിയതാണ് നേട്ടത്തിനു പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ വാഹന്‍ ഡാഷ്ബോര്‍ഡിലെ വിവരമനുസരിച്ച് 2021 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 24 വരെ 4,05,261 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ചെയ്തത്. 2022 മാര്‍ച്ച് ഒന്നുമുതല്‍ 24 വരെ 53,109 വൈദ്യുതവാഹനങ്ങള് രജിസ്റ്റര്‍ ചെയ്തു.
2020-21 സാമ്പത്തികവര്‍ഷം ആകെ 1.36 ലക്ഷം വൈദ്യുതവാഹനങ്ങളായിരുന്നു നിരത്തിലിറങ്ങിയത്. നഗരമേഖലയില്‍ സ്വീകാര്യത കൂടിയതോടെ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ മുന്നേറ്റമാണ് വൈദ്യുതവാഹന രജിസ്ട്രേഷന് കുത്തനെ ഉയരാന്‍ കാരണമായത്. അതേസമയം, രാജ്യത്തുടനീളം നാളിതുവരെ 10,60,707 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്.
രാജ്യത്ത് ആകെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ 53.33 ശതമാനം വിഹിതിമാണ് ഇരുചക്രവാഹനങ്ങള്ക്കുള്ളത്. നിലവിലെ കണക്കുകള്‍പ്രകാരം മാര്‍ച്ചില്‍ വൈദ്യുതവാഹന രജിസ്ട്രേഷന് 60,000 കടക്കുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 35,000 മുതല്‍ 38,000 വരെ ഇരുചക്രവാഹനങ്ങളായിരിക്കുമെന്നും വിലയിരുത്തുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.
പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും വൈദ്യുതവാഹനങ്ങള്‍ക്ക് നല്കുന്ന പ്രോത്സാഹനവും ചാര്‍ജിങ് സൗകര്യങ്ങളിലെ വര്‍ധനയും മുന്നേറ്റത്തിനു കാരണമാണെന്ന് ഗവേഷണ ഏജന്‍സിയായ ഇക്ര പറയുന്നു. അതേസമയം, 1742 ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കൂടുതല്‍ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ദേശിയപാതയോരങ്ങള് സ്ഥലം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






