X7-ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു. ഫെയ്സ്ലിഫ്റ്റ് ചെയ്ത X7-ന്റെ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ പുറത്തുവന്നതോടെയാണ് വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. ജര്‍മ്മന്‍ ലക്ഷ്വറി നിര്‍മാതാക്കള്‍ ഒരു വര്‍ഷത്തിലേറെയായി ആഗോള വിപണിയില്‍ അപ്ഡേറ്റ് ചെയ്ത X7 പരീക്ഷിച്ചുവരികയാണ്. ഇന്ത്യയില്‍, ബിഎംഡബ്ല്യു X4-ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
മൂന്ന് നിരകളുള്ള ലക്ഷ്വറി എസ്യുവി പ്രാദേശികമായി മെര്‍സിഡീസ് ബെന്‍സ് GLS, ഓഡി Q7, വോള്‍വോ XC90 എന്നിവയ്ക്കെതിരെയാകും മത്സരിക്കുക. നിലവില്‍ ഇതിന്റെ പഴയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.
3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6, ടര്‍ബോ പെട്രോള്‍ എഞ്ചിന് 340 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6 ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് മറ്റൊരു ഓപ്ഷന്. ഇത് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കുന്നു.
ഈ രണ്ട് എഞ്ചിന് ഓപ്ഷനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് 6.1 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍, ഡീസല്‍ യൂണിറ്റ് 7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ബിഎംഡബ്ല്യു X7-ന്റെ നിലവിലെ വില പരിശോധിച്ചാല്‍ ആഭ്യന്തര വിപണിയില്‍ 1.74 കോടി രൂപയാണ് എക്സ്ഷോറൂം വില. 5,151 mm നീളവും 2,000 mm വീതിയും 1,805 mm ഉയരവുമുള്ള X7 മോഡല്‍ ബിഎംഡബ്ല്യു പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും വലിയ മോഡല്‍ കൂടിയാണ്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബിഎംഡബ്ല്യു തങ്ങളുടെ കാറുകളുടെയും എസ്യുവികളുടെയും വില 2022 ഏപ്രില്‍ 1 മുതല്‍ 3.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.






