
സഹോദരിമാർ തമ്മിലുള്ള ബന്ധം എപ്പോഴും ദൃഢമായിരിക്കും. ജീവിതയാത്രയിൽ പലരും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്യും. ബാല്യ കൗമാരത്തിലെ ബന്ധങ്ങളുടെ ദൃഢതയാണ് യൗവനത്തിൽ അവരെ നല്ല സുഹൃത്തുക്കളാക്കി മാറ്റുന്നത്. 4 വയസ്സു വ്യത്യാസത്തിലുള്ള രണ്ടു കുഞ്ഞുസഹോദരിമാരുടെ ഊഷ്മളമായ സ്നേഹബന്ധത്തിന്റെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരുടെയും പരസ്പരമുള്ള സ്നേഹവും കരുതലും സോഷ്യൽ മീഡിയയുടെ മനംനിറയ്കുകയാണ്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് അലീസ ഫ്ലൂലൻ എന്ന സ്ത്രീയുടെ ഇൻസ്റ്റഗ്രാം പേജിൽ ഹൃദ്യമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്കകം അഞ്ചരലക്ഷം പേർ വീഡിയോ കണ്ടു. നാലുവയസ്സ് എന്നത് വലിയ പ്രായ വ്യത്യാസമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ എന്റെ സങ്കൽപങ്ങളെക്കാൾ മികച്ചതായി അത് മാറി.’– എന്നാണ് വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.
ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹം പങ്കിടുന്നതാണ് വീഡിയോ. എല്ലായിടത്തും അനിയത്തിയെ സംരക്ഷിക്കുന്ന ചേച്ചിയാണ് വീഡിയോയിൽ ഉള്ളത്. പാര്‍ക്കിലും ബീച്ചിലും വീട്ടിലെ മുറിയിലുമെല്ലാം അനിയത്തിക്കൊപ്പം അവളെ സംരക്ഷിച്ചുകൊണ്ട് ചേച്ചിയുണ്ട്. ‘ജീവിതകാലം മുഴുവൻ ഇവരുടെ ബന്ധം ദൃഢമായി നിലനിൽക്കട്ടെ. നിങ്ങളുടെ കുട്ടികള്‍ തമ്മിൽ എത്ര പ്രായവ്യത്യാസം വേണമെന്നാണ് നിങ്ങൾ കരുതുന്നത്?’ എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് യുവതി ചോദിക്കുന്നു.
‘എന്റെ പെൺകുട്ടികൾ തമ്മിൽ നാലു വയസ്സിന്റെ വ്യത്യാസമുണ്ട്. ഈ വീഡിയോ എന്നെ സന്തോഷിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു.’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാനും എന്റെ സഹോദരിയും തമ്മില്‍ 5 വയസ്സിന്റെ വ്യത്യാസമുണ്ട്. പക്ഷേ, അവളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.’ ‘ഈ വീഡിയോ കണ്ട എനിക്ക് സഹോദരിമാരെ കാണാൻ തോന്നുന്നു.’ – എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ.






