
ചിട്ടയായ ഉറക്കം ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ശരിയായ ഉറക്കം ഉണ്ടായില്ലെങ്കില്‍ ക്ഷീണം, മൂഡിലെ വ്യതിയാനം, ശ്രദ്ധക്കുറവ്, ഓര്‍മ്മപ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍, ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ ഇവയിലേക്കൊക്കെ നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരിയായ ഉറക്കം കിട്ടാതെ വരുന്നത് പലരുടേയും പ്രശ്നമാണ്. നല്ല ഉറക്കം ലഭിക്കാത്ത ഒരു അവസ്ഥയാണ് ഇന്‍സോമ്നിയ അഥവാ ഉറക്കക്കുറവ്. ഉറക്കമില്ലായ്മയെ നേരിടാനുള്ള വിവിധ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ധ്യാനം - ധ്യാനവും വ്യായാമവും നിങ്ങളുടെ ശരീരത്തിന്റെ സമയം ക്രമീകരിക്കാനും വിശ്രമിക്കാനും മതിയായത്ര ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിങ്ങളെ സഹായിക്കും. ധ്യാനം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉറങ്ങുന്നതിനു മുമ്പ് ധ്യാനം ചെയ്യുമ്പോള്‍ ഉറക്കമില്ലായ്മയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കും.
കഫീന്‍ ഒഴിവാക്കുക - നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്താന്‍ കഫീന്‍ കഴിയും. കഫീന്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉറക്ക സമയം കുറയ്ക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള ആറു മണിക്കൂര്‍ ഇടവേളയില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കരുതെന്ന് ഉറപ്പാക്കുക. കാരണം കഫീന്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പൂര്‍ണമായും പുറന്തള്ളപ്പെടാന്‍ ഏകദേശം 5-6 മണിക്കൂര്‍ ആവശ്യമാണ്.
ഗാഡ്ജെറ്റുകളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുക - നിങ്ങള്‍ ഗാഡ്ജെറ്റുകളില്‍ ചെലവഴിക്കുന്ന സമയം നിങ്ങളുടെ കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കും. അതിനാല്‍ ദിവസം മുഴുവന്‍ അത്തരം ഉപകരണങ്ങളിലേക്ക് ശ്രദ്ധ നല്‍കുന്നത് പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങളുടെ മൊബൈല്‍ ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
വായന ശീലമാക്കുക - ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാവുന്ന പ്രധാന കാരണങ്ങളിലൊന്നാണ് സമ്മര്‍ദ്ദം. വായന സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഗാഡ്ജെറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും വായന നിങ്ങളെ സഹായിക്കും. മാത്രമല്ല, അതിലൂടെ നിങ്ങള്‍ക്ക് വേണ്ട വിശ്രമം ലഭിക്കുകയും ചെയ്യും.
വിദഗ്ധരുടെ സഹായം തേടുക - നിങ്ങള്‍ക്ക് സ്ഥിരമായി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുക. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. അതിനാല്‍ ഉറങ്ങാന്‍ മരുന്നിനെ മാത്രം ആശ്രയിക്കാതെ മറ്റു വഴികള്‍ തേടുക.
പകലുറക്കം കുറയ്ക്കുക - നല്ല ഉറക്കം ലഭിക്കാന്‍ പകലുറക്കത്തിന്റെ ദൈര്‍ഘ്യം 90 മിനിറ്റില്‍ കുറവായിരിക്കണം. സാധ്യമെങ്കില്‍ പകലുറക്കം ഒഴിവാക്കുക. നിങ്ങള്‍ അര്‍ധ രാത്രിയില്‍ ഉണരുകയും പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്താല്‍, എന്എസ്ഡിആര് (നോണ്‍-സ്ലീപ്പ് ഡീപ്പ് റെസ്റ്റ്) പ്രോട്ടോക്കോള്‍ പിന്തുടരുക.






