
പെട്രോളിന്റെ വില കത്തിക്കയറുന്ന സാഹചര്യത്തില്‍ പലരും വിമര്‍ശനപരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിലതൊക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ അഭിനേത്രിയായ സമീറ റെഡ്ഡി പങ്കുവച്ച രസകരമായ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സമീറ പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് ചില രസകരമായ റീല്‍ വീഡിയോകളും സമീറ പോസ്റ്റ് ചെയ്യാറുണ്ട്. അതിലൊന്നായി മാറിയിരിക്കുകയാണ് പെട്രോള്‍ വില വര്‍ധനയില്‍ നിന്നു രക്ഷപെടാനുള്ള ഐഡിയ പറയുന്ന ഈ പോസ്റ്റ്.
കുട്ടികള്‍ കളിക്കുന്ന ചെറിയ കാര്‍ ഓടിക്കുന്ന സമീറയാണ് വീഡിയോയില്‍. ‘‘പെട്രോള്‍ ഇല്ല, എന്നാല്‍ വാഹനമെങ്കിലും വേണ്ട’’ എന്ന ക്യാപ്ഷനും നല്‍കിയാണ് സമീറ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വില കൂടുകയാണ് എന്നാല്‍ തന്റെ കയ്യില്‍ പരിഹാരമുണ്ട് എന്ന് പറഞ്ഞ് കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച് കുട്ടികളുടെ വണ്ടി ഓടിക്കുന്ന സമീറ ആരാധകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്.
ദിവസേന പെട്രോള്‍ വില ഒരു രൂപയോളം ഉയരുമ്പോഴാണ് സമീറയുടെ വീഡിയോയും പുറത്തുവരുന്നത്. ബോഡി ഷെമിങ് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ക്ക് എതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ള സമീറയുടെ കുട്ടി പ്രതിഷേധമാണോ ഇതെന്ന എന്ന സംശയത്തിലാണ് ആരാധകര്‍. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
രാജ്യത്ത് ഇന്നും ഇന്ധനവില കൂടിയിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 രൂപയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 114 രൂപയ്ക്കു മുകളില്‍ എത്തി, ഡീസലിന് 101 രൂപയാണ് വില.






