ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി സുരക്ഷാ അപ്ഡേറ്റ് പുറത്ത് വിട്ട് ഗൂഗിള്‍. മാര്‍ച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്ഡേറ്റ് അറിയിപ്പില്‍ 'CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാല്‍ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി പുതിയ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.
CVE-2022-1096 എന്നതിനെക്കുറിച്ച് 'വി 8 ടൈപ്പ് പ്രശ്നം' എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗൂഗിള്‍ ക്രോമിന്റെ-ന്റെ 3.2 ബില്യണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പരിരക്ഷിക്കാന്‍ അപ്ഡേറ്റ് മതിയാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്രശ്നത്തിന്റെ സാങ്കേതിക വിശദാംശങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തില്ല. മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജില്‍ ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സംരക്ഷണം നല്കാന് എഡ്ജും അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്.
സെറ്റിംഗ്സ് - എബൗട്ട്( Settings-about) എന്നതിലേക്ക് പോയാല്‍ ഈ അപ്ഡേറ്റ് ലഭിക്കും, എഡ്ജ് 99.0.1150.55 അല്ലെങ്കില്‍ അതില്‍ ഉയര്‍ന്ന പതിപ്പില്‍ CVE-2022-1096 പ്രശ്നം ബാധിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. വി8 ടൈപ്പ് പ്രശ്നം എന്നത് ഗൂഗിള്‍ക്രോം പ്രവര്‍ത്തിക്കുന്ന ജാവ സ്ക്രിപ്റ്റിനെ ബാധിക്കുന്ന വിഷയമാണ് എന്നത് വ്യക്തമാക്കുന്നുണ്ട്. അതിവേഗം സൈബര്‍ ആക്രമണം നടക്കാവുന്ന ഗൗരവമായ വിഷയങ്ങളില്‍ ചിലപ്പോള്‍ സൈബര്‍ ലോകത്ത് ഇത്തരത്തില്‍ രഹസ്യാത്മകത ഉണ്ടാകാറുണ്ട്.






