ജീപ്പ് ഇന്ത്യ പ്രീമിയം എസ്യുവി സെഗ്മെന്റിലേക്കെത്തുന്ന മെറിഡിയന്റെ ആദ്യ പ്രദര്‍ശനം നടത്തി. മെയ് ആദ്യം മെറിഡിയന് ഡീലര്‍ഷിപ്പുകളിലെത്തും. ഇന്ത്യക്കായി എന്‍ജിനീയറിങ് ചെയ്ത് ഡിസൈന്‍ ചെയ്യുന്ന ജീപ്പിന്റെ ആദ്യ ത്രീ റോ എസ്യുവിയാണ് മെറിഡിയന്. വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. തുടക്കത്തില്‍ ഡീസല്‍ എന്‍ജിനോടെ മാത്രമാണ് മെറിഡിയന് വിപണിയില്‍ എത്തുക.
രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്ജിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 10.8 സെക്കന്റ്. ഉയര്‍ന്ന വേഗം 198 കിലോമീറ്റര്‍. 9 സ്പീഡ് ഓട്ടമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുകള്‍. നാലു വീല്‍ ഡ്രൈവ്, രണ്ട് വീല്‍ ഡ്രൈവ് മോഡലുകളില്‍ ലഭിക്കും. ഏതു റോഡിലും മികച്ച യാത്രാസുഖം നല്കുന്ന നിര്‍മാണ നിലവാരമാണ് മെറിഡിയന്. വ്യത്യസ്ത ടെറൈനുകളില്‍ സഞ്ചരിക്കാന്‍ സാന്റ്, സ്നോ, ഓട്ടോ, മഡ് ഡ്രൈവ് മോഡുകള്‍.
പുത്തന്‍ മോഡലുകളായ ഗ്രാന്‍ഡ് ചെറോക്കീ, ഗ്രാന്‍ഡ് വാഗണീര്‍ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് മെറിഡിയനിലും. 80 ഡിഗ്രിവരെ തുറക്കാവുന്ന പിന് ഡോറുകളാണ്. മികച്ച ഗ്രില്ലും മനോഹര ഹെഡ്ലാംപും മുന്നിലെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്. പിന് ടെയില്‍ ഗേറ്റില്‍ തിരശ്ചീനമായി ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ ലാംപുകളുമുണ്ട്. സെഗ്മെന്റില്‍ ആദ്യം അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ അടക്കം 60 ല്‍ അധികം സുരക്ഷ, സെക്യൂരിറ്റി ഫീച്ചറുകളുമായാണ് മെറിഡിയന് എത്തുന്നത്. അടിസ്ഥാന വകഭേദം മുതല്‍ 6 എയര്‍ബാഗുകള്‍, പ്രീടെന്‍ഷനര്‍ ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റ്ബെല്‍റ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ് ബ്രേക്ക് സപ്പോര്‍ട്ട്, റെഡി അലേര്‍ട്ട് ബ്രേക്ക്, റെയിന്‍ അസിസ്റ്റ് ബ്രേക്ക്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടമാറ്റിക്ക് വെഹിക്കിള്‍ ഹോള്‍ഡ് തുടങ്ങി 60 ല്‍ അധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.
പനോരമിക് സണ്‍റൂഫ്, ജീപ്പിന്റെ യൂകണക്റ്റ് 5 സാങ്കേതിക വിദ്യയോടു കൂടിയ 10.1 ഇഞ്ച് ടച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 9 ആല്‍പൈന്‍ ഹൈഡെഫിനിഷന്‍ സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ മെറിഡിയനിലുണ്ട്. കൂടുതല്‍ ആഡംബര പ്രതീതിക്കായി ഉയര്‍ന്ന ഗുണമേന്മയുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇന്റീരിയറിന്റെ രൂപകല്പന. രാജ്യാന്തര വിപണിയില്‍ കമാന്‍ഡര്‍ എന്ന പേരിലാണ് വാഹനം പുറത്തിറങ്ങുന്നത്.






