നല്ല ഉറക്കം കിട്ടണമെങ്കില്‍ മുറികളില്‍ വെളിച്ചം പാടില്ലെന്നാണ് മുതിര്‍ന്നവര്‍ പറയാറ്. ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ രാത്രി ഉറക്കത്തിനിടയില്‍ മുറിയില്‍ മിതമായ തോതിലുള്ള വെളിച്ചമാണെങ്കില്‍ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.
ഒരു രാത്രിയില്‍ ഇരുണ്ട മുറിയിലും അടുത്ത ദിവസം മിതമായ രീതിയില്‍ വെളിച്ചം വെച്ചുമുള്ള മുറികളില്‍ കിടത്തിയാണ് പഠനം സംഘടിപ്പിച്ചത്. ഉറക്കത്തിനിടെ ഇവരുടെ ഹൃദയമിടിപ്പും രക്തത്തിന്റെ നിലയുമെല്ലാം പഠനത്തിന് വിധേയമാക്കി. ഇരുണ്ട മുറിയില്‍ കിടന്നുറങ്ങിയവരേക്കാള് വെളിച്ചമുള്ള മുറിയില്‍ കിടന്നുറങ്ങിയവരില്‍ രാത്രി മുഴുവന്‍ ഹൃദയമിടിപ്പ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയെന്നും പഠനത്തിലുണ്ട്. ലൈറ്റിട്ട മുറിയില്‍ കിടന്നുറങ്ങുന്നവര്‍ അടുത്ത ദിവസം എഴുന്നേല്ക്കുമ്പോള് ഇന്‍സുലിന്‍ പ്രതിരോധം കണ്ടുവരുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
മങ്ങിയ വെളിച്ചമാണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയരുത് എന്നും അവ ഉറക്കത്തിനിടയ്ക്കുള്ള ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ചയാപചയ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. ഉറങ്ങി എഴുന്നേല്ക്കുമ്പോള് ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുമെന്നും പഠനത്തിലുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് നിലയെയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗം, ഡയബറ്റിസ് എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഫീന്‍ബെര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിന് സര്‍വകലാശാലയിലെ സ്ലീപ് മെഡിസിന് മേധാവി ഡോ.ഫൈലിസ് സീ പറയുന്നു.
സാധാരണയായി ഹൃദയമിടിപ്പും മറ്റ് ഹൃദയ സംബന്ധമായ പ്രവര്‍ത്തനങ്ങളും രാത്രിസമയങ്ങളില്‍ കുറഞ്ഞ അളവിലും പകല്‍ സമയത്ത് കൂടിയുമിരിക്കും. രാത്രിയില്‍ മോഡറേറ്റ് ലൈറ്റില്‍ ഉറങ്ങിയാല്‍ പോലും ശരീരം ജാഗ്രതാവസ്ഥയില് ആയിരിക്കും. ഈ അവസ്ഥയില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കും. ഉറക്കത്തിനിടെ വെളിച്ചവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അവസ്ഥ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസിലുകളിലെയും കരളിലേയും സെല്ലുകള്‍ ഇന്‍സുലിനോട് വേണ്ടവിധം പ്രതികരിക്കാതിരിക്കുകയും ഊര്‍ജത്തിനായി രക്തത്തില്‍ നിന്നും ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് നികത്താന്‍ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും. ഇത് പിന്നീട് ബ്ലഡ് ഷുഗര്‍ നില വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.






