ജക്കാര്‍ത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ജാപ്പനീസ് വാഹന കമ്പനിയായ ടൊയോട്ട ഏവരേയും ഞെട്ടിച്ചു കൊണ്ട് ഇന്നോവ ക്രിസ്റ്റയുടെ ഓള് ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയ വീഡിയോയിലൂടെയാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എംപിവിയെ ടൊയോട്ട പരിചയപ്പെടുത്തിയിരിക്കുന്നത്.
ഇന്നോവ ക്രിസ്റ്റയുമായി വളരെ സാമ്യമുള്ളതാണ് ഈ ഇലക്ട്രിക് പതിപ്പ്. ഇന്നോവ ഇലക്ട്രിക് അതിന്റെ ബോഡിയില്‍ ഉടനീളം നീല ഹൈലൈറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നീല ഹൈലൈറ്റുകള്‍ ഹെഡ്ലാമ്പുകള്‍ക്കും ടെയില്‍ ലാമ്പുകള്‍ക്കും ഉള്ളിലെ എല്‍ഇഡി ഘടകങ്ങളിലും ടൊയോട്ടയുടെ മുന്‍വശത്തെ ലോഗോയിലും കാണാം. ഷോള്‍ഡര്‍ ലൈനിന് സമാന്തരമായി സൈഡ് പ്രൊഫൈലിലുടനീളം ഒരു സ്പെഷ്യല്‍ നീല നൈലും കാണാം. നിലവിലുള്ള ഇന്നോവയില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായ സില്‍വര്‍ നിറമുള്ള സിക്സ് സ്പോക്ക് അലോയ് വീലിലാണ് ഇവി പതിപ്പിന് നല്‍കിയിരിക്കുന്നത്.
മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള് എന്നിവയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇലക്ട്രിക്കിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്. ഈ മോഡലിനെ നിര്‍മാണ ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടോ അതോ ഇതൊരു കണ്‍സെപ്റ്റ് പതിപ്പ് മാത്രമാണോ എന്നും വ്യക്തമല്ല. കമ്പനി ഇതിനകം തന്നെ ഇന്നോവയുടെ ഒരു പുതിയ തലമുറ മോഡല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് വിദേശത്തും ഇന്ത്യന്‍ നിരത്തുകളിലും പരീക്ഷണയോട്ടത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ് കമ്പനി. പുതുതലമുറ ഇന്നോവ ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഏറെ ആരാധകരുള്ള ഇന്ത്യയിലേക്ക് 2023 ജനുവരിയോടെ വില്‍പ്പനയ്ക്ക് എത്തിക്കാനും ടൊയോട്ടയ്ക്ക് താത്പര്യമുണ്ട്.






