തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയിസ്. ഫാന്റം കൂപ്പെ മോഡലിന്റെ വിപുലമായ പതിപ്പില്‍ സ്പെക്ടര് എന്ന പേരിലാണ് റോള്‍സ് റോയ്സിന്റെ ആദ്യ ഇലക്ട്രിക് കാര്‍ എത്താന്‍ ഒരുങ്ങുന്നത്. റോള്‍സ് റോയിസ് സ്പെക്ടര് ഇലക്ട്രിക് മോഡലിന്റെ ശൈത്യകാല പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി റോള്‍സ് റോയിസ് അറിയിച്ചതായാണ് സിനെറ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റോള്‍സ് റോയ്സ് സ്പെക്ടര് ഇവി ശൈത്യകാല പരീക്ഷണം അവസാനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ റോള്‍സ് റോയ്സ് കാര്‍ മോഡലുകളുടെയും ആദ്യപടിയാണ് വിന്റര്‍ ടെസ്റ്റിംഗ്. ഈ പരീക്ഷണം സ്വീഡനിലെ ബിഎംഡബ്ല്യു അടിസ്ഥാനമാക്കി പ്ലാന്റില്‍ നടത്തി. ഈ പ്രദേശത്തെ താപനില -26 ഡിഗ്രി മുതല്‍ -40 ഡിഗ്രി വരെയാണ്. ഏത് തരത്തിലുള്ള ബാഹ്യ പരിതസ്ഥിതിയിലും എല്ലാ സിസ്റ്റങ്ങളും വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.
പുതിയ റോള്‍സ് റോയ്സ് സ്പെക്ടറിന്റെ 25 ശതമാനം പ്രീ-പ്രൊഡക്ഷന്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായതായും റോള്‍സ് റോയ്സ് അറിയിച്ചു. ഉല്‍പ്പാദനം ആരംഭിക്കുന്നതിന് മുമ്പ് ഈ കാര്‍ മോഡല്‍ ഏകദേശം 25 ലക്ഷം കിലോമീറ്റര്‍ പരീക്ഷിക്കുമെന്ന് റോള്‍സ് റോയ്സ് അറിയിച്ചു. റോള്‍സ് റോയ്സിന്റെ ആദ്യത്തെ ഇലക്ട്രിക് കാര്‍ സ്പെക്ടര് കമ്പനിയുടെ ആര്‍ക്കിടെക്ച്ചര്‍ ഓഫ് ലക്ഷ്വറി - അലുമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിക്കുന്നത്. വലിപ്പത്തില്‍ ഈ മോഡല്‍ ഒരു റോള്‍സ് റോയ്സ് ഫാന്റം കൂപ്പെ പോലെയായിരിക്കും. 700 കിലോയാണ് വാഹനത്തിന്റെ ഭാരം. 2030 ഓടെ എല്ലാ മോഡലുകളിലും ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനാണ് റോള്‍സ് റോയ്സ് ലക്ഷ്യമിടുന്നത്.






