
ആയിരം കോടി കളക്ഷൻ എന്ന റെക്കോർഡ് നേട്ടത്തിലെത്തി രാജമൗലി ചിത്രം ആർ.ആർ.ആർ. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
ആയിരം കോടി നേട്ടത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ റെഡ് കാർപ്പറ്റിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് ചെരിപ്പിടാതെയാണ് രാംചരൺ എത്തിയത്. കറുത്ത വസ്ത്രത്തിലാണ് എൻ.ടി.ആറും എത്തിയത്.
രാജമൗലിക്കും നായകന്മാരായ രാംചരൺ, എൻ.ടി.ആർ എന്നിവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും ചടങ്ങിനെത്തിയിരുന്നു. ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിനെത്തിയിരുന്നു. എന്നാൽ ആർ.ആർ.ആറിൽ നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയിരുന്നില്ല.
മകരന്ദ് ദേശ്പാണ്ഡേയുമായും രാജമൗലിയുമായും സൗഹൃദം പങ്കിടുന്ന ആമിറിനെയാണ് പുറത്തുവന്നിട്ടുള്ള വീഡിയോകളിൽ ഒന്നിൽ കാണാനാവുക. ഖയാമത്ത് സേ ഖയാമത്ത് തക്, ഖയാമത്ത് സേ ഖയാമത്ത് തക്, സർഫറോഷ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അജയ് ദേവ്ഗൺ, ശ്രീയ ശരൺ എന്നിവരാണ് മറ്റുതാരങ്ങൾ.






