ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലായ പോളോ നിര്‍ത്തലാക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോക്സ്വാഗണ് ഇന്ത്യയില്‍ പോളോയുടെ ഉത്പാദനം ഉടന്‍ അവസാനിപ്പിക്കും. വിടപറയുന്നതിന് മുന്നോടിയായി വീണ്ടും പോളോയുടെ ഒരു സ്പെഷ്യല്‍ എഡിഷന് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഫോക്സ്വാഗണ്. പോളോ ലെജന്റ് എഡിഷന് എന്ന പേരിലാണ് വാഹനം എത്തിയിരിയ്ക്കുന്നത്. ജി.ടി. ടി.എസ്.ഐയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ വാഹനത്തിന് 10.25 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.
മുഖഭാവം റെഗുലര്‍ മോഡലിന് സമമാണ്. വശങ്ങളിലെ ഫെന്‍ഡറില്‍ ലെജന്റ് ബാഡ്ജിങ്ങ് നല്കിയിരിക്കുന്നതിനൊപ്പം ഡോറിന് താഴെയായി ബ്ലാക്ക് ഗ്രാഫിക്സും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. റിയര്‍വ്യൂ മിറര്‍, ബാക്ക് സ്പോയിലര്‍, റൂഫ് എന്നിവയ്ക്ക് കറുപ്പ് നല്കിയിട്ടുള്ളതും പിന്നില്‍ ലെജന്റ് ബാഡ്ജിങ്ങ് പതിപ്പിച്ചതും ഈ വാഹനത്തെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കും. 1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 108 ബി.എച്ച.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
2010ലാണ് ഫോക്സ്വാഗണ് പോളോ എന്ന പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തുന്നത്. രാജ്യാന്തര വിപണികളിലെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷത്തെ യാത്രയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് ആയി വളരാന്‍ പോളോയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ പോളോയുടെ മൂന്ന് ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഫോക്സ്വാഗണ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച വാഹനമെന്ന ഖ്യാതിയും പോളോയ്ക്കാണ്. ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട വാഹനമാകാന്‍ ഫോക്സ്വാഗണ് പോളോയ്ക്ക് സാധിച്ചിട്ടുണ്ട്.






