ഏപ്രില്‍ 20ന് പുതിയ നെക്സോണ്‍ വിപണിയില്‍ എത്തും. നിലവിലെ നെക്സോണിനെക്കാള്‍ 4 ലക്ഷം രൂപ വരെ ഉയര്‍ന്ന് വില 17- 18 ലക്ഷം രൂപയാകാനാണ് സാധ്യത. പരീക്ഷണ സാഹചര്യങ്ങളില്‍ 400 കിലോമീറ്റര്‍ റേഞ്ച് ലഭിച്ച വാഹനത്തിന് റോഡ് കണ്ടീഷനുകളില്‍ 300 മുതല്‍ 320 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
പുത്തന്‍ അലോയ് വീലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) കാഴ്ചയിലെ പരിഷ്കാരങ്ങളും സഹിതമാവും നെക്സോണ്‍ നവീകരിച്ച പതിപ്പ് എത്തുക. നിലവിലെ ബാറ്ററിയെക്കാള്‍ 30 ശതമാനം വലുതും ഏകദേശം 40 കിലോവാട്ടും ഉള്ള ബാറ്ററി പാക്കാണ് പുതിയ നെക്സോണില്‍ ഉപയോഗിക്കുക. പരീക്ഷണയോട്ടം നടത്തുന്ന ലോങ് റേഞ്ച് നെക്സോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിച്ചു എന്നാണ് ടാറ്റയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.
നിലവില്‍ 3.3 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിക്കുന്ന കാര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 10 മണിക്കൂര്‍ വേണം. വലിയ ബാറ്ററി എത്തുമ്പോള്‍ ചാര്‍ജിങ് സമയം കൂടാതിരിക്കാന്‍ 6.6 കിലോവാട്ട് എസി ചാര്‍ജറും എത്തും. കാറിന്റെ അടിത്തട്ടിലെ പരിഷ്കാരത്തിനൊപ്പം സംഭരണ സ്ഥലത്തിലും വിട്ടുവീഴ്ച ചെയ്താവും നിര്‍മാതാക്കള്‍ ബാറ്ററി ശേഷി ഉയര്‍ത്തുകയെന്നാണു സൂചന. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയരും. ഹ്യുണ്ടേയ് കോന, എംജി സിഎസ് എന്നീ വാഹനങ്ങളുമായിട്ടാകും നെക്സോണ്‍ ലോഞ്ച് റേഞ്ച് മത്സരിക്കുക.






