
ഇന്ത്യന്‍ വിപണിയില്‍ റിയല്‍മിയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ റിയല്‍മി ജിടി 2 പ്രോ അവതരിപ്പിച്ചു. റിയല്‍മി ജിടി 2 പ്രോയുടെ 8ജിബി/128 ജിബി സ്റ്റോറേജ് പതിപ്പിന് 49,999 രൂപയാണ് വില. 12 ജിബി/ 256 ജിബി പതിപ്പിന് 57,999 രൂപയാണ് വില. വൈറ്റ്, പേപ്പര്‍ ഗ്രീന്‍, സ്റ്റീല്‍ ബ്ലാക്ക്. നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ഏപ്രില്‍ 14 മുതല്‍ ഫ്ളിപ്കാര്‍ട്ടിലാണ് വില്പന.
നവോടോ ഫുകസാവയും റിയല്‍മി ഡിസൈന്‍ സ്റ്റുഡിയോസും ചേര്‍ന്ന് തയ്യാറാക്കിയ പുതിയ ഡിസൈനാണ് ഫോണിന്. പുതിയ ബയോ പോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് ബാക്ക് പാനല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് റിയല്‍മി പറയുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിനുണ്ട്. ഗെയിമിങിനിടെ ഫോണ്‍ ചൂടാവാതിരിക്കാനുള്ള സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ കൂളിങ് ചേമ്പര്‍ സംവിധാനവും ഉണ്ട്.
6.7 ഇഞ്ച് ക്യുഎച്ച്ഡി റസലൂഷനുള്ള അമോലെഡ് സ്ക്രീന്‍ ആണ് റിയല്‍മി ജിടി 2 പ്രോയുടേത്. ഒരു ലോ ടെമ്പറേച്ചര്‍ പോളിക്രിസ്റ്റലിന്‍ ഓക്സൈഡ് (എല്‍ടിപിഒ) 2.0 പാനല്‍ ആണിത്. 1 ഹെര്‍ട്സ് മുതല്‍ 120 ഹെര്‍ട്സ് വരെ അഡാപ്റ്റീവ് റിഫ്രഷ്റേറ്റ് ഇതിലൂടെ ഡിസ്പ്ലേയ്ക്ക് ലഭിക്കും. സ്ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് റിഫ്രഷ് റേറ്റ് താനെ ക്രമീകരിക്കപ്പെടും. ഇത് ബാറ്ററി ദൈര്‍ഘ്യത്തിനും ഗുണം ചെയ്യുന്നതാണ്. കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ സംരക്ഷണമുണ്ട്.
മുന്‍നിര ക്യാമറ സെന്‍സറായ 50 എംപി യുടെ സോണി ഐഎംഎക്സ് 766, 150 ഡിഗ്രി വൈഡ് കിട്ടുന്ന 50 എംപി അള്ട്രാലൈഡ് ക്യാമറ, 3 എംപി മൈക്രോ സ്കോപ്പ് സെന്‍സര്‍ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയുണ്ട്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്കിയിരിക്കുന്നു. 8കെ വീഡിയോ റെക്കോഡിങ് സൗകര്യവുമുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍, ഡോള്‍ബി അറ്റ്മോസ്, ഹൈ-റെസ് സര്ട്ടിഫിക്കേഷന്, എന്‍എഫ്സി, അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍, യുഎസ്ബി 2.0 ടൈപ്പ് സി,5000 എംഎഎച്ച് ബാറ്ററി, 65 വാട്ട് അതിവേഗ ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 യുഐയും ഫോണിനുണ്ട്.






