
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2013 നവംബറിലാണ് ഇരുവരും വിവാഹിതരായത്.
സംവിധായകന് എന്ന നിലയില്‍ ആഷിഖ് അബുവും അഭിനേത്രി എന്ന നിലയില്‍ റിമ കല്ലിങ്കലും തങ്ങളുടെ സ്വാധീന മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ഇരുവരുടെയും പ്രണയവും വിവാഹവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആഷിഖ് അബുവിന്റെ ജന്മദിനത്തില് പ്രണയാതുരമായ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. ‘‘ഹാപ്പി ബര്‍ത്ത്ഡേ ടു മൈ ഫോറെവര്‍’ എന്നാണ് റിമ കുറിച്ചിരിക്കുന്നത്.
2012 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ‘22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയില്‍ റിമ കല്ലിങ്കല്‍ ആയിരുന്നു നടി. ഈ സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ആദ്യം ഇവര്‍ തമ്മില്‍ നല്ല സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ ആഷിഖ് അബുവുമായി റിമ ചര്‍ച്ച ചെയ്യാറുണ്ട്. ഇത്തരം ചര്‍ച്ചകളിലൂടെയാണ് ഇരുവരുടെയും സൗഹൃദം ബലപ്പെട്ടത്. തന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന് ആഷിഖ് റിമയെ വിളിച്ചിരുന്നു. അക്കാലത്ത് ഇരുവരും ഒന്നിച്ച് ഒരു സംഗീതനിശയില്‍ പങ്കെടുത്തു. ഇതിനുശേഷമാണ് ഇരുവരും കൂടുതല്‍ അടുത്തതും പ്രണയത്തിലായതും.
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.






