നിരവധി പുതുമകളും സൗകര്യങ്ങളുമായി എംജി സിഎസ് ഇവിയുടെ പുതിയ മോഡല്‍ എത്തി. ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്ററാണ് എംജി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 50.3kWhന്റെ ബാറ്ററിയാണ് എംജി സിഎസ് ഇവിയുടെ കരുത്ത്. ഈ ബാറ്ററിയാണ് ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്ററിന്റെ മൈലേജ് വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 8.5 സെക്കന്റ് മാത്രമാണ് ആവശ്യം. സുരക്ഷയുടെ UL2580 അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റും ബാറ്ററിക്കുണ്ട്.
അഞ്ചു വര്‍ഷത്തേക്ക് കിലോമീറ്റര്‍ പരിധികളില്ലാത്ത വാറന്റിയാണ് എം.ജിയുടെ ഇ ഷീല്‍ഡ് പ്രോഗ്രാം നല്‍കുന്നത്. ബാറ്ററി പാക്കിന് എട്ടു വര്‍ഷമോ/ 1.5 ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കും. കൂടാതെ അഞ്ച് വര്‍ഷത്തേയ്ക്ക് റോഡ് സൈഡ് അസിസ്റ്റും ലേബര്‍ ചാര്‍ജ് ഇല്ലാത്ത സര്‍വീസും എംജി ഉറപ്പു നല്കുന്നു. എംജിയുടെ ഏറ്റവും പുതിയ i-SMART ആണ് ZS EVക്കും നല്‍കിയിരിക്കുന്നത്. നൂറിലേറെ കമാന്‍ഡുകള്‍ ഇതുവഴി നല്‍കാനാകും. സ്കൈ റൂപ്, എ.സി, മ്യൂസിക് സിസ്റ്റം, റേഡിയോ, നാവിഗേഷന്‍ തുടങ്ങിവയെല്ലാം ഇതുവഴി നിയന്ത്രിക്കാം. 35ലേറെ Hinglish കമാന്റുകളും പാര്‍ക്ക് പ്ലസ്, മാപ് മൈ ഇന്ത്യ, ഷോര്‍ട്ട് പീഡിയ, ജിയോ തുടങ്ങിയ കാര്‍ ഫീച്ചറുകളും i-SMART വഴി ഉപയോഗിക്കാം.
ആറ് എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ (TPMS), ഹില്‍ഹോള്‍ഡ്, ഹില്‍ഡിസന്റ് സംവിധാനങ്ങള്‍ വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നു. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ സഹായിക്കുന്ന റിയര്‍ ഡ്രൈവ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നിലയും സുരക്ഷിത ഡ്രൈവിങ്ങിന് സഹായിക്കും. പിന് ക്യാമറയുടെ പരിധിയില്‍ പെടാത്ത ഭാഗത്തു നിന്നും പിന്നില്‍ നിന്നോ വശങ്ങളില് നിന്നോ വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമാണ് റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്.
പഴയ 8.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനിന് പകരം പുതിയ വാഹനത്തില്‍ 10.1 ഇഞ്ച് സ്ക്രീനാണ് എം.ജി നല്‍കിയിരിക്കുന്നത്. മൈലേജും വേഗതയും താപനിലയുമൊക്കെ കാണിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. നേരത്തെ ഇത് അനലോഗായിരുന്നു. മുന്നിലെ ബംപറിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എല്‍.ഇ.ഡി ഹെഡ്ലാംപുകളാണ് മുന്നിലെങ്കില്‍ ഡേറ്റൈം റണ്ണിങ് എല്‍ഇഡി ലൈറ്റുകളാണ് പിന്നില്‍.






