
എപ്പോഴും ജനശ്രദ്ധ ഏറ്റുവാങ്ങുന്ന പോസ്റ്റുകളും നിലപാടുകളും അഭിപ്രായങ്ങളുമാണ് ബോളിവുഡ് സൂപ്പര്‍ഹീറോയിന്‍ കങ്കണ റണൗട്ടിന്റേത്. പലപ്പോഴും കങ്കണയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മറ്റു സിനിമകളെക്കുറിച്ചും താരങ്ങളെക്കുറിച്ചുമെല്ലാം കങ്കണ തുറന്നടിക്കാറുണ്ട്. യാഷ് നായകനായെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോള്‍ അതിനെക്കുറിച്ചും കങ്കണ സ്വന്തം അഭിപ്രായം പറഞ്ഞിരിക്കുകയാണ്. പ്രേക്ഷകരോടൊപ്പം തന്നെ നിരവധി സിനിമാ താരങ്ങളും യാഷിനെ പ്രശംസിച്ച് എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ കങ്കണയും യാഷിനെ പ്രശംസിച്ചിരിക്കുകയാണ്, പക്ഷേ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അമിതാഭ് ബച്ചനോട് താരതമ്യം ചെയ്താണ് കങ്കണയുടെ പരാമര്‍ശം.
‘‘പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെ പോയ കോപാകുലനായ യുവാവാണ് അദ്ദേഹം. എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന് അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു. അതിമനോഹരം.’’ എന്നാണ് കങ്കണ കുറിച്ചത്. ഇതുകൂടാതെ രാം ചരണ്‍, അല്ലു അര്ജുന്, എന്‍ടിആര്‍, യാഷ് എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ അവരുടെ സംസ്കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നും കങ്കണ കുറിച്ചു.
ഏപ്രില്‍ 14 നാണ് കെ.ജി.എഫ് 2 റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മൂന്നാം ദിവസം 400 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് കെജിഎഫ്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയിരിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്, പ്രകാശ് രാജ്, അച്യുത് കുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം.






