
ഏതൊരു ജോലിയാണെങ്കിലും അതെത്ര കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും വിരമിക്കുന്ന ദിവസം എല്ലാവര്ക്കും മനസ്സില്‍ ഒരു പിടച്ചിലുണ്ടാകും. പ്രത്യേകിച്ച് ഇഷ്ടപ്പെട്ട് താത്പര്യപൂര്‍വ്വം ചെയ്യുന്ന ജോലിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരമൊരു വിരമിക്കല്‍ ദിവസത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്.
തന്റെ അവസാന പ്രവര്‍ത്തി ദിനത്തില്‍ വിമാനത്തിലെ യാത്രക്കാരോട് വിടപറയുന്നതിനിടെ വിങ്ങിപ്പൊട്ടുന്ന എയര്‍ഹോസ്റ്റസാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരം. ഗായിക അമൃത സുരേഷാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസായ സുരഭിയാണ് വിടപറയുന്നതിനിടെ കണ്ണീരണിഞ്ഞത്. ‘‘ഈ സുന്ദരിയെ എത്ര മനോഹരമായാണ് യാത്ര അയച്ചത്. ശരിക്കും മനസ്സിനെ സ്പര്‍ശിച്ചു. ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് അമൃത വീഡിയോ ഷെയര്‍ ചെയ്തത്.
വിമാനത്തിലെ അനൗണ്‍സ്മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെ എയര്‍ ഹോസ്റ്റസ് എല്ലാവര്ക്കും നന്ദി പറഞ്ഞു. കമ്പനിയില്‍ നിന്ന് പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും അത് അനിവാര്യമാണെന്ന് സുരഭി പറഞ്ഞു. ഇന്‍ഡിഗോയിലെ തന്റെ ജീവിതത്തിനെ കുറിച്ച് പറയുന്നതിനിടെ പലപ്പോഴും അവര്‍ കണ്ണീരണിഞ്ഞു. തങ്ങളുടെ ജീവനക്കാരെ നല്ല രീതിയില്‍ പരിഗണിക്കുന്ന യാത്രക്കാര്‍ക്കും സുരഭി നന്ദി പറഞ്ഞു. കുറഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായി.






