
തിരുവനന്തപുരം: സിപിഎമ്മിനെ കടന്നക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. കേരളമെന്ന കിണര്‍ വറ്റിയാല്‍ വംശനാശം നേരിടുന്ന കൂപ മണ്ഡൂകമാണ് സിപിഎം എന്നും അദ്ദേഹം പരിഹസിച്ചു. തന്റെ യുട്യൂബ് ചാനല്‍ വീഡിയോയിലൂടെയാണ് ചെറിയാന് ഫിലിപ്പിന്റെ വിമര്‍ശനം.
വീഡിയോ ഇങ്ങനെ:
സി പി എം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു കൂപ മണ്ഡൂകമാണ്. ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ജീവിക്കുന്നത് കേരളം എന്ന കിണറ്റിലാണ്. ഈ കിണര്‍ വറ്റിയാല്‍ കമ്മ്യൂണിസ്റ്റ് ജീവികള്‍ക്ക് വംശനാശം നേരിടും. സംഖ്യാബലത്തിന്റെയും വോട്ടു വിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു ദേശീയ കക്ഷിയാവാന്‍ അര്‍ഹതയില്ലാത്ത ഇന്ത്യയിലെ പന്ത്രണ്ടാമത്തെ കക്ഷിയായ സി പി എം ആണ് ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത്. കോണ്‍ഗ്രസിനെ ആവശ്യമില്ലെന്ന് സി പി എം പറയുന്ന ദേശീയ സഖ്യത്തില്‍ ഒരു കക്ഷിയെ പോലും അണി നിരത്താനുള്ള പ്രാപ്തി സി പി എം- നില്ല. ബി ജെ പി വിരുദ്ധ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. സി പി എം- നോടൊപ്പം ഇടതുപക്ഷ കക്ഷികള്‍ പോലുമില്ല.






