ശരീര ഭാരം നിയന്ത്രിക്കാന്‍ പൊടികൈകള്‍ നോക്കത്തവര്‍ ആയി ആരും ഉണ്ടാകില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും ശരീരഭാരം കുറയ്ക്കാന്‍ ആകാതെ വിഷമിക്കുന്നവര്‍ ആണ് പലരും. തെറ്റായ ജീവിത ശൈലീ പിന്തുടരുന്നത് തന്നെ ആണ് ഇതിന്റെ പ്രധാന കാരണം. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിതവണ്ണം നിയന്ത്രിക്കാം.
ഉറക്കം ക്രമീകരിക്കാം
ആരോഗ്യമുള്ള ഒരു വ്യക്തി ആറുമുതല്‍ മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടികാരം കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയപ്രവര്‍ത്തനങ്ങള്‍ കൃത്യം ആക്കുന്നതിന് സഹായിക്കുന്നു. നമ്മുടെ ശരീരത്തില്‍ ഊഷ്മാവ് നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ജൈവഘടികാരം. ഇതിന്റെ പ്രവര്‍ത്തനം കൃത്യം ആകാതെ വന്നാല്‍ അമിതവണ്ണം, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്,മുതലായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
ശീലിക്കാം സമീകൃത ആഹാരം
കേരളീയരുടെ ഭക്ഷണ സംസ്കാരത്തില്‍ ഏറ്റവുമധികം ഉള്‍പ്പെട്ടിരിക്കുന്നത് ധാന്യങ്ങളാണ്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗം താരതമ്യേന കുറവുമാണ്. തന്മൂലം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത ഉണ്ടാകുന്നു. ആഹാരരീതിയില്‍ നമ്മള് ഇപ്പോഴും പിന്തുടരുന്നത് നമ്മുടെ പൂര്‍വികരുടെ ആഹാര രീതികളാണ്. പാടത്തും പറമ്പിലും പണി ചെയ്തിരുന്ന അവര്‍ക്ക് ഊര്‍ജ്ജം വളരെയധികം ആവശ്യമായിരുന്നു. അതിനുവേണ്ടിയാണ് അവര്‍ ധാന്യങ്ങളും കിഴങ്ങ് വര്‍ഗങ്ങളും കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന് നമ്മളില്‍ ഭൂരിഭാഗം ആള്‍ക്കാരും എവിടെയെങ്കിലും ഒതുങ്ങിയിരുന്നു ജോലിചെയ്യുന്നവരാണ്. അങ്ങനെ ഉള്ളപ്പോള്‍ അമിതമായി ധാന്യങ്ങളും കിഴങ്ങ് വര്‍ഗങ്ങളും ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അമിത അളവിലുള്ള ഉള്ള ഇവയുടെ ഉപയോഗം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതലായി പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. മത്സ്യവും മാംസവും മുട്ടയും പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മിതമായ തോതില്‍ വെളിച്ചെണ്ണയും നെയ്യും ഒലിവ് ഓയിലും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വെള്ളം കുടിക്കാം
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് വെള്ളം വളരെയധികം അത്യാവശ്യമാണ് ആണ്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിക്കുന്നത് ദാഹം ശമിപ്പിക്കുന്നതിനും അതോടൊപ്പം അമിതമായ വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
കൃത്യമായ വ്യായാമം
30 മുതല്‍ 45 മിനിറ്റ് വരെ ആഴ്ചയില്‍ അഞ്ചുദിവസം വ്യായാമം / യോഗ ശീലിക്കുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിനും അമിതവണ്ണം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അമിതമായി കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം.
ആഹാരരീതികളും വ്യായാമങ്ങളും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് വിദഗ്ധ അഭിപ്രായം സ്വീകരിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് യോജിക്കുന്ന വിധത്തിലുള്ള ഉള്ള ഭക്ഷണങ്ങളും വ്യായാമങ്ങളും തെരഞ്ഞെടുക്കുവാന്‍ സഹായിക്കുന്നു.
ഡോ. അങ്കിത വി ലൂക്കോസ്
സെന്റ് ആന്റണീസ് ആയുര്‍വേദ ഹോസ്പിറ്റല്‍
പുതുപ്പള്ളി, കോട്ടയം.






