
ഹൈദരാബാദ്: വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.
പ്രകാശ് ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ്. അപകടത്തിൽ പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു.
"ഇലക്ട്രിക് ടൂ വീലറുകൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ദൗർഭാഗ്യകരമാണ്.
ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാർശ ചെയ്യാനും ഞങ്ങൾ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്,” - കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.






