
34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സിബിഐ ഡയറികുറുപ്പ് എന്ന സിനിമ ഏറെ പ്രേക്ഷകപ്രീതി നേടി ജനമനസ്സുകളില്‍ ഇടം പിടിക്കുന്നത്. 2022ല്‍ ഇതാ സിബിഐ സീരീസിലെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സേതുരാമയ്യര്‍ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യര്‍ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.
ഇപ്പോഴിതാ സിബിഐ 5 ദി ബ്രയിനിന്റെ ട്രെയ്ലര് മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഒരാളുടെ മരണത്തിന്റെ ദുരൂഹത തീര്‍ക്കാനാണ് സേതുരാമയ്യര്‍ ഇത്തവണ എത്തുന്നതെന്ന് ട്രെയ്ലര് സൂചിപ്പിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്ബരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്ലര് നല്കുന്ന സൂചനകള്‍. ഉദ്യോഗജനകമായ നിരവധി നിമിഷങ്ങള്‍ ചിത്രം സമ്മാനിക്കും എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാര്‍, സായ് കുമാര്‍, രമേശ് പിഷാരടി, എന്നിങ്ങനെ വമ്ബന്‍ താരനിര തന്നെ ട്രെയിലറിലും കടന്നുവരുന്നുണ്ട്. സിബിഐയുടെ ഐകോണിക്ക് മ്യൂസിക്കിന്റെ റീമസ്റ്റര്ഡ് വേര്ഷനോക്കെയായി പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്നതാണ് ട്രെയിലര്‍.
#CBI5TheBrain Official Trailer Out Now
Watch Trailer : https://t.co/43MY1xVumo pic.twitter.com/zEgJsgoThC— Mammootty (@mammukka) April 22, 2022
തൊഴിലാളി ദിനമായ മേയ് ഒന്ന് ഞായറാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്. ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. മുന്‍പ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. നടന് ജഗതി ശ്രീകുമാര്‍ കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5നുണ്ട്. വാഹനാപകടത്തെ തുടര്‍ന്ന് പൂര്‍ണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി എത്തുകയാണ്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകന് പറഞ്ഞിരുന്നു. സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാര്‍, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, സൗബിന് ഷാഹിര്‍, ആശ ശരത്, ദിലീഷ് പോത്തന്, കനിഹ, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്ന രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന് എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകന് പറഞ്ഞിരുന്നു. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുന്‍പ് ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോര്‍മുല വീണ്ടും ആവര്‍ത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനില്‍ കാണാന്‍ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍.






