
ബോളിവുഡിന്റെ പ്രിയതാരങ്ങളാണ് ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും. അതുമാത്രമല്ല അടുത്ത സുഹൃത്തുക്കളുമാണിവര്‍. സ്കൂള്‍ കാലത്ത് ആരംഭിച്ച സൗഹൃദമാണ് ഇവരുടേത്. പിന്നീട് ഇവരുടെ വളര്‍ച്ചയ്ക്കൊപ്പം സൗഹൃദവും വളര്‍ന്നു. സിനിമ കരിയറായി തിരഞ്ഞെടുത്ത ഇവര്‍ ഉയര്‍ച്ച താഴ്ച്ചകളില്‍ ഒന്നിച്ച് നിന്നിരുന്നു. പരസ്പരം പിന്തുണയ്ക്കുന്ന താരങ്ങളുടെ സൗഹൃദ കഥ ബോളിവുഡില്‍ പരസ്യമാണ്. ബോംബെ സ്കോട്ടിഷ് സ്കൂളില്‍ തുടങ്ങിയ സൗഹൃദം ഇന്നും അതുപോലെ തന്നെ ഇരുതാരങ്ങളും തുടര്‍ന്ന് പോകുന്നുണ്ട്. അഭിഷേക് ബച്ചന്റേയും ഹൃത്വിക് റോഷന്റേയും അടുത്ത സുഹൃത്താണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടംപിടിക്കുന്നത് ഫറാ ഖാന് പങ്കുവെച്ച ഒരു ചിത്രമാണ്. തന്റെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലെ ചിത്രമായിരുന്നു പങ്കരുവെച്ചത്. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും മതിമറന്ന് നൃത്തം ചെയ്യുന്ന ഫോട്ടോയായിരുന്നു ഇത്. ഒരു രസകരമായ കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘‘എന്റെ സംഗീത് ഫംഗ്ഷനില്‍ നിന്ന് ഈ 2 ആൺകുട്ടികളുടെ ഒരുപാട് പഴയ വിന്റേജ് ചിത്രം കണ്ടെത്തി. ഇവര്‍ നൃത്തം ചെയ്യുന്ന ഗാനം ഏതാണെന്ന് പറയാമോ? ഞാന്‍ സംഗീത് ഫംഗ്ഷനില്‍ അമിതമായി മദ്യപിച്ചിരുന്നത് കൊണ്ട് ഓര്‍മയില്ല.’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഫറ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ കയ്യിലുള്ള അമൂല്യ വസ്തുവായിട്ടാണ് ഈ ചിത്രത്തെ ഫറ കാണുന്നത്.
ഫറ പങ്കുവച്ച താരങ്ങളുടെ പഴയ ചിത്രം ചര്‍ച്ചയായിട്ടുണ്ട്. 2004 ല്‍ ആണ് ഫറാ ഖാന്റേയും സിനിമ എഡിറ്ററും സംവിധായകനുമായ ശ്രീഷ് കുന്ദറും വിവാഹിതരാവുന്നത്. ഹിന്ദു- മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം. ഇവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 43ാം വയസ്സില്‍ ഐ.വി.എഫിലൂടെയാണ് ഫറാ ഖാന് അമ്മയായത്. അന്യ, സിസാര്‍, ദിവാ എന്നിവരാണ് മക്കള്‍. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്.
നൃത്ത സംവിധായകയായിട്ടാണ് ഫാറഖാന് ബോളിവുഡില്‍ എത്തിയത്. പിന്നീട് ഷാരൂഖ് ഖാന് നായകനായിട്ടുള്ള മേം ഹൂ ന എന്ന സിനിമയിലൂടെ സംവിധായകയായി മാറുകയായിരുന്നു. ഇത് വന്‍ വിജയമായിരുന്നു. ഫറയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചത് മറ്റൊരു ഷാരൂഖ് ഖാന് ചിത്രമായ ഓം ശാന്തി ഓം ആണ്. ദീപിക പദുകോണ്‍ ആയിരുന്നു നായിക. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായിരുന്നു. ഇന്നും ഓം ശാന്തി ഓം ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയാണ്. പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു ഫറാ ഖാന് സമ്മാനിച്ചത്.






