
ന്യൂഡല്‍ഹി: രാജ്യം വരുംനാളുകളില്‍ ചുട്ടുപൊള്ളുമെന്ന് പ്രവചനം. വരുന്ന നാല് ദിവസത്തേക്ക് വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ ഉഷ്ണതരംഗം തുടരുമെന്നും ഈ ഏപ്രില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ചൂടുകൂടിയ മാസമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചൂട് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത മുന്നില്‍ കണ്ട് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ രാജസ്ഥാന്, മധ്യപ്രദേശ്, വിദര്‍ഭ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും രൂക്ഷം. വടക്കുപടിഞ്ഞാറന്‍, മധ്യ മേഖലയില്‍ അവശേഷിക്കുന്ന ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പല നഗരങ്ങളിലും താപനില 45 ഡിഗ്രി സെന്ഷ്യസിനു മുകളിലെത്തിയിരുന്നു. മാര്‍ച്ച് മുതല്‍ ഈ സംസ്ഥാനങ്ങളില്‍ താപനില ഉയര്ന്നുനിലയില് തുടരുകയാണ്.






