
മലയാളത്തിന്റെ പ്രിയ ഗായികയായ ചിത്ര സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളും പാട്ടുകളുമൊക്കെ ആരാധകരുമായി പങ്കിടാറുണ്ട്. ചിത്ര പാടിയ പഴയ പല പാട്ടുകളും ഇന്നും ശ്രോതാക്കളുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഇപ്പോഴിതാ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ ‘സ്ഫടിക’ത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിത്ര. 27 വര്‍ഷങ്ങള്‍ക്ക് ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്. ഈ അസരത്തില്‍ ചിത്രത്തിലെ ഹിറ്റ് ഗാനമായ ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോര്‍ഡ് ചെയ്ത അനുഭവമാണ് ചിത്ര പങ്കിട്ടത്.
2022 ഏപ്രില്‍ 24 തന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു എന്നെഴുതി കൊണ്ടാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. സ്ഫടികത്തിലെ ഗാനങ്ങള്‍ അതേ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വീണ്ടും പുനര്‍ജനിപ്പിക്കണമെന്ന് മൂന്ന് വര്‍ഷം മുന്‍പ് സംവിധായകന് ഭദ്രന് പറഞ്ഞപ്പോള്‍ വലിയ ഒരു വിഷമ വൃത്തത്തില്‍ ആയി പോയെന്നും ചിത്ര പറയുന്നു. റെക്കോര്ഡിംഗിനിടയിലെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘‘കഴിഞ്ഞ സൺഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ ‘സ്ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്ദത്തിലും പുനർജ്ജനിപ്പിക്കുക !! 3 വർഷം മുൻപ് ഭദ്രൻ സർ എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ... പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !! ആ പാട്ടുകളുടെ രസതന്ത്രം ചോർന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും ‘പൊളിച്ചിരിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.
മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്.
ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്... എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ ...
‘സ്ഫടികം റീലോഡ്’, 4K അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.’’ എന്നാണ് ചിത്ര കുറിച്ചിരിക്കുന്നത്.
1995 മാര്‍ച്ച് 30ന് പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചിത്രമാണിത്. സ്ഫടികത്തിലെ മൂന്ന് പാട്ടുകളാണ് അതേ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വീണ്ടും പുനര്‍ജനിക്കുന്നത്. ഏഴിമല പൂഞ്ചോല ഉള്‍പ്പെടെ മൂന്ന് പാട്ടുകള്‍ വീണ്ടും പാടി 4K അറ്റ്മോസില് കൊണ്ടുവരുകയാണ്. സ്ഫടികം റീലോഡ് വരുമ്പോള്‍ അതിലെ ഗാനങ്ങള്‍ക്കും അതേ അനുഭവം ഉണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.






