
മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജും കേന്ദ്ര കഥാപാത്രങ്ങളായ ‘ജന ഗണ മന’. നിരൂപകരും പ്രേക്ഷകരുമൊക്കെ ചിത്രത്തിന്റെ വിജയം ആഘോഷിക്കുക മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അഭിപ്രായം തുറന്നു പറയുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ ഈ സിനിമ ഇന്ത്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണമെന്ന് ലക്ഷദ്വീപ് സ്വദേശിയായ മോഡലും നടിയും സംവിധായികയുമായ ഐഷ സുല്‍ത്താന ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ്.
‘‘സത്യത്തിന് വേണ്ടി ശബ്ധിക്കുന്നവരുടെ സിനിമയാണിത്, നേരിന്റെ വഴി കാട്ടിയായ സിനിമ... അത്കൊണ്ട് ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ത്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണം.’’ ഇങ്ങനെയാണ് ഐഷ സുല്‍ത്താന കുറിച്ചത്.
സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജാണ് നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്റെ തിളങ്ങുകയാണ്. ഷമ്മി തിലകന്, വിന്‍സി അലോഷ്യസ്, മംമ്ത മോഹന്‍ദാസ് എന്നിവരടങ്ങുന്ന വലിയ താരനിരയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






