
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായ ‘നീലവെളിച്ചം’ ഒരിക്കല്‍ക്കൂടി സിനിമയാകുന്നു. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബഷീറിന്റെ 113-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന് മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ആഷിക് അബു. ഷൂട്ടിംഗ് സെറ്റിലേക്ക് അപ്രതീക്ഷിതമായി എംഎല്‍എ കെ.കെ. ശൈലജ എത്തിയ സന്തോഷമാണ് ആഷിഖ് അബു ഷെയര്‍ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് കാണാനെത്തിയ ശൈലജ ടീച്ചറെ കണ്ട് തങ്ങള്‍ ഞെട്ടി എന്നാണ് ആഷിഖ് അബു കുറിച്ചത്.
‘‘ഷൈലജ ടീച്ചർ ഞങ്ങളുടെ @neelavelichammovie സെറ്റിലേക്ക് വന്നു, എല്ലാരും ഞെട്ടി!!! ’’ എന്നാണ് ആഷിഖ് അബു കുറിച്ചത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന് ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്സ് ആഷിക് അബു ഇപ്പോള്‍ നേടി. ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.






