
അമരാവതി: കോടതിയലക്ഷ്യ കേസില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് ഐഎഎസ് ഓഫീസര്‍മാര്‍ക്ക് ഒരു മാസം തടവുശിക്ഷയും 2000 രൂപ വീതം പിഴയും. ഒരു സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെയാണ് ഹൈക്കോടതി ഇന്നലെ ശിക്ഷിച്ചത്.
കൃഷിവകുപ്പ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി പൂനം മലകോടയ്യ, കൃഷിവകുപ്പ് സ്പെഷ്യല്‍ കമ്മീഷണര്‍ എച്ച. അരുണ്‍ കുമാര്‍, കുര്‍ണൂര്‍ ജില്ലാ കലക്ടര്‍ ജി വീരപാണ്ഡ്യന് എന്നിവരെയാണ് ശിക്ഷിച്ചത്. കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് ജസ്റ്റീസ് ബി.ദേവാനന്ദിന്റെ ബെഞ്ച് ശിക്ഷ വിധിച്ചത്.
വില്ലേജ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് (ഗ്രേഡ്-2) പോസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് 2019 ഒക്ടോബറില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനാണ് നടപടി. പോസ്റ്റിലേക്ക് അപേക്ഷിച്ച ഒരാളുടെ പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉചിതമായ ഉത്തരവ് നല്കാന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാകാതെ വന്നതോടെ പരാതിക്കാരന് കോടതിയലക്ഷ്യ നടപടിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
2020 നവംബറിലാണ് പരാതിക്കാരന് മകാടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ ഹര്ജിക്കാരന് അയോഗ്യനാണെന്ന് കാണിച്ച് 2020 ഡിസംബറില്‍ മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ 2019ലെ ഉത്തരവ് പാലിക്കാന്‍ കഴിയാത്തത് കോടതി വിധിയോടുള്ള അവഗണനയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
എച്ച്. അരുണ്‍ കുമാര്‍, ജി വീരപാണ്ഡ്യന് എന്നിവരുടെ അപേക്ഷയില്‍ കോടതി ശിക്ഷ നടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. അതേസമയം, സ്പെഷ്യല്‍ ചീഫ് സെക്രട്ടറി പൂനം മലകോണ്ടയ്യയോട് ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്ക് മുമ്പാകെ മേയ് 13ന് ഹാജരാകാനും നിര്‍ദേശിച്ചു.






