മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം സൂചികകളില്‍ നേരിയ മുന്നേറ്റം. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അതേസമയം, വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
സെന്‍സെക്സ് 107 പോയന്റ് ഉയര്‍ന്ന് 54,578ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 16,331ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ ലൈഫ്, മാരുതി സുസുകി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു, റിലയന്‍സ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, മീഡിയ, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയര്‍ന്നു.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയല്‍ തുടരുകയാണ്. 3,361.80 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞദിവസം പിന്‍വലിച്ചത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 3,077.24 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയുംചെയ്തു.
ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, വോഡാഫോണ്‍ ഐഡിയ, ഗുജറാത്ത് ഗ്യാസ്, അജന്ത ഫാര്‍മ, എംആര്‍എഫ് തുടങ്ങിയ കമ്പനികളാണ് ചൊവാഴ്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.




