കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് പ്രേമികളുടെ പ്രിയ വാഹനമായ കെ.ടി.എം. 390 അഡ്വഞ്ചറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ഈ ബൈക്കിന് 3.35 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രണ്ട് റൈഡിങ്ങ് മോഡുകളും റേസിങ്ങ് ബ്ലൂ, ഡാര്‍ക്ക് ഗാല്‍വനോ ബ്ലാക്ക് എന്നീ പുത്തന്‍ നിറങ്ങളുമായി ആണ് ബൈക്ക് എത്തുന്നത്. റിപ്പോർട്ട് പ്രകാരം കെ.ടി.എമ്മിന്റെ ഈ പുത്തന്‍ അഡ്വഞ്ചര്‍ ബൈക്കിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചു.
ഈ ബൈക്കിൽ വിവിധ തരത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോളിനൊപ്പം സ്ട്രീറ്റ്, ഓഫ് റോഡ് എന്നീ റൈഡിങ്ങ് മോഡുകളാണ് നൽകിയിരിക്കുന്നതും. ഓഫ് റോഡ് മോഡ് വഴി നനഞ്ഞിരിക്കുന്നതും മറ്റുമായ പ്രതലത്തില്‍ ഏറ്റവും മികച്ച ഡ്രൈവിങ്ങ് അനുഭവം ലഭിക്കും. പുതിയ കെ.ടി.എം. 390യ്ക്ക് കൂടുതല്‍ കരുത്തുറ്റ ഫൈവ് സ്പോക്ക് കാസ്റ്റ് വീലുകളും ഉണ്ട്. റിമ്മുകള്‍ കൂടുതല്‍ കരുത്തുറ്റതാണെന്നാണ് നിര്‍മാതാക്കളുടെ വാദം.
മെക്കാനികൾ മാറ്റങ്ങൾ ഇല്ലാതെയാണ് വാഹനം എത്തുന്നത്. പുതിയ മോഡലിന്റെയും കരുത്ത് 373 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് . ഇത് 43 ബി.എച്ച്.പി. പവറും 37 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.






