
സോഷ്യല്‍ മീഡിയ വഴി താരങ്ങളാകുന്ന പലരുമുണ്ട്. അതില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ പെടും. അത്തരത്തില്‍ പതിമൂന്നു വയസ്സുള്ള ഒരു കൊച്ചു താരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്കൂളില്‍ പോയിട്ടില്ലെങ്കിലും ഈ കൊച്ചു മിടുക്കന് സമ്പാദിക്കുന്നതെത്രയെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. പഠനഭാരം മൂലം കളിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് പതിമൂന്നുകാരനായ ഒമാരി. ചൈല്‍ഡ് ഇന്‍ഫ്ലുവന്‍സറായ ഒമാരി നല്ലൊരു കുക്ക് ആണ്. തന്റെ യൂട്യൂബ് ചാനലില്‍ പാചക വീഡിയോയും, ചെറിയ കുക്കിംഗ് ടിപ്സുമൊക്കെ ഈ പതിമൂന്നുകാരന് പങ്കുവയ്ക്കാറുണ്ട്. വെറും എട്ട് വയസ് മാത്രമുള്ളപ്പോഴാണ് ഈ കൊച്ചുമിടുക്കന് കുക്കിംഗ് ചാനല്‍ ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 28,000ത്തിലധികം ഫോളോവേഴ്സും ഒമാരിയ്ക്കുണ്ട്. വെജിറ്റേറിയനായ ഒമാരി ഒരു വേഗന് കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ജ്യൂസുകളൊക്കെയാണ് ഇവിടെ വില്‍ക്കുന്നത്. ഒമാരി സ്കൂളില്‍ പോയിട്ടില്ല. ഒരു ഓണ്‍ലൈന്‍ പ്രൈവറ്റ് സ്കൂളിലാണ് ഈ കൊച്ചുമിടുക്കന് പഠിക്കുന്നത്.
മകന് യൂട്യൂബ് ചാനലും മറ്റും പണത്തിനുവേണ്ടിയല്ല നടത്തുന്നതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.‘‘അവന് വെജിറ്റേറിയനാണ്. മൃഗങ്ങളെ ഉപദ്രവിക്കാതെയുള്ള ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നതാണ് അവന്റെ ലക്ഷ്യം.’’ എന്നാണ് അമ്മ പറയുന്നത്. ഏതായാലും ഈ കുട്ടിത്താരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.






