
സിഗ്നസ് GT സ്കൂട്ടറിന്റെ പുതിയൊരു ഡീലക്സ് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ. റിപ്പോർട്ട് പ്രകാരം ഇത് ഇന്ത്യയിൽ വിൽക്കുന്ന ഫാസിനോ, റേ ZR എന്നിവയിൽ പ്രവർത്തിക്കുന്ന അതേ 125 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ ഡീലക്സ് പതിപ്പ് സിഗ്നസ് ജിടിയെ യമഹ ചൈനീസ് വിപണിയിലാണ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. സ്കൂട്ടറിന് സ്റ്റാൻഡേർഡ് ആവർത്തനത്തേക്കാൾ കോസ്മെറ്റിക് മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു. പരിഷ്ക്കരിച്ച സ്റ്റൈലിംഗ് സിഗ്നസ് ജിടിയെ കൂടുതൽ സ്റ്റൈലിഷാക്കുന്നു. പുതിയ യമഹ സിഗ്നസ് ജിടിയ്ക്ക് ഒരു പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഇലുമിനേഷൻ, റിമോട്ട് ഇഗ്നിഷൻ കീ എന്നിവ നൽകിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് മോഡലിൽ നൽകിയ അതേ 125 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ഡീലക്സ് എഡിഷന്റെ കരുത്ത്. ഈ യൂണിറ്റ് 8 bhp കരുത്തിൽ പരമാവധി 9.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ, ഈ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന് വ്യക്തമല്ല.






