
ന്യുഡല്ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്ഗ്രസിന് കനത്ത പ്രഹരം നല്കി ഹാര്ദിക് പട്ടേല് പാര്ട്ടി വിട്ടു. പിസിസി വര്ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു. ഹാര്ദിക് പട്ടേല് സമുദായത്തിന്റെ അവകാശങ്ങള്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ മുന്നിരയിലെത്തിയ ഹാര്ദികിന് അടുത്ത കാലത്ത് ബി.ജെ.പിയിലേക്ക് ചായ്വ് പ്രകടമായിരുന്നു.
2019ല് രാഹുല് ഗാന്ധിയാണ് ഹാര്ദികിനെ കോണ്ഗ്രസിലെത്തിച്ചത്. രാഹുല് ഗാന്ധിക്ക് അയച്ച കത്തിലാണ് രാജിക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്തിലെ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളെല്ലാം അവരുടെ മൊബൈല് ഫോണുകളില് മുഴുകിയിരിക്കുകയാണ്. നേതൃത്വത്തിനാകട്ടെ ഇവരെ ചിക്കന് സാന്ഡ്വിച്ചുകള് നല്കി പരിപോഷിപ്പിക്കാനാണ് കൂടുതല് താല്പര്യം. ഗുജറാത്തിലെ പ്രശ്നങ്ങളില് ശ്രദ്ധിക്കാന് അവര്ക്ക് സമയമില്ല. രാജ്യം നിര്ണായക സമയത്തിലൂടെ കടന്നുപോകുമ്പോള് നമ്മുടെ നേതാവ് വിദേശത്തായിരുന്നു. പാര്ട്ടി യോഗങ്ങള്ക്ക് തന്നെ വിളിക്കാറില്ലെന്നും ഹാര്ദിക് കത്തില് വിമര്ശിക്കുന്നു. പാര്ട്ടി തിരിച്ചുവരവിനുള്ള പരിശ്രമങ്ങള് നടത്തുന്നതിനിടെയാണ് ഹാര്ദിക്കിന്റെ പ്രഹരം.
കഴിഞ്ഞ രണ്ട് മാസമായി ഹാര്ദികിന് ബി.ജെ.പി നേതാക്കളുമായി അടുപ്പമുണ്ടെന്നാണ് റിപ്പോര്ട്ട്. ഒരാഴ്ചയ്ക്കുള്ളില് അദ്ദേഹം ബി.ജെ.പിയില് ചേരുമെന്നും റിപ്പോര്ട്ടുണ്ട്.







Comments