വ്യവസായികളിൽ പ്രമുഖനാണ് രത്തൻ ടാറ്റയെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ലളിതമായ പെരുമാറ്റം കൊണ്ട് സമൂഹ മാധ്യമങ്ങളുടെ പ്രിയപ്പെട്ടയാളായി മാറിയിരിക്കുകയാണ് അദ്ദേഹം. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള നാനോ കാറിലാണ് മുംബൈയിലെ താജ് ഹോട്ടലിലേക്ക് അദ്ദേഹം എത്തിയത്. ഒപ്പം പരിചാരകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഹോട്ടലിലേക്ക് രത്തൻ ടാറ്റ വന്നിറങ്ങുന്നത് ജീവനക്കാരിലാരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
ടാറ്റയുടെ നാനോ കാറിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവച്ചിരുന്നു. എല്ലാത്തരം ജനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന കാറാണ് നാനോ എന്നും സാൻഡ് വിച്ച് പോലെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ കുടുംബങ്ങളെ മനസിൽ ഓർത്താണ് ഒരു ലക്ഷം രൂപയ്ക്ക് കാർ ലഭ്യമാക്കുകയെന്ന ആശയത്തിലേക്കും അത് പ്രാവർത്തികമാക്കാനും താൻ മുൻകൈയെടുത്തതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞിരുന്നു.
2008 ജനുവരിയിൽ പുറത്തിറക്കിയ കാർ 10 വർഷത്തിന് ശേഷം വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു.






