
ഒരുകാലത്ത് മലയാളസിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ആക്ഷന്‍ ഹീറോയായിരുന്നു ബാബു ആന്റണി. ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് അന്നുമിന്നും ആരാധകര്‍ ഏറെയാണ്. ആരാധകരുടെ മനസ്സു കീഴടക്കിയ വെല്ലുവിളി നിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍ ബാബു ആന്റണി മാത്രമായിരുന്നു അക്കാലത്ത് ചെയ്തിരുന്നത്.
ഇപ്പോഴിതാ കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ കെ വി. പ്രണിലും തന്റെ മനസ്സിലുള്ള ആരാധ്യപുരുഷനെ കാണാനുള്ള ഭാഗ്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. 37കാരനായ പ്രണില്‍ ബാബു ആന്റണിയുടെ കട്ട ഫാനാണ്. ഊണിലും ഉറക്കത്തിലും ബാബു ആന്റണിയും നീളന്‍ മുടിയും ആക്ഷന്‍ രംഗങ്ങളുമൊക്കെയാകും മനസിലുണ്ടാവുന്നത്. ബാബു ആന്റണി ഇത്രയും വലിയൊരു ഫാനായ പ്രണലിന്റെ മനസ്സിലുള്ള ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് ബാബു ആന്റണി തന്നെയാണ്. പ്രണിലിന്റെ മെസേജുകളുടെ സ്ക്രീന്‍ഷോട്ടും തന്റെ മറുപടിയുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘എന്റെ ആരാധകരിൽ നിന്ന് ഇത്തരമൊരു സ്നേഹം സ്വീകരിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമാണ്. അതിൽ പറയുന്നു, അയാൾക്ക് 11 വയസ്സുള്ളപ്പോൾ മുതൽ എന്നെ കാണാനും ഒരു ഓട്ടോഗ്രാഫ് വാങ്ങാനും ആഗ്രഹിക്കുന്നു, അവന് ഇപ്പോൾ 37 വയസ്സായി. നിരുപാധികവും കാലാതീതവുമായ സ്നേഹം!!. വളരെ നന്ദി സുഹൃത്തേ, ഞാൻ തീർച്ചയായും നിങ്ങളെ കാണാൻ ശ്രമിക്കും’ എന്ന കുറിപ്പിനൊപ്പമാണ് താരം സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.
പ്രണലിത് സ്വപ്ന നിമിഷമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയുടെ ഞെട്ടലിലാണ് പ്രണില്‍. പതിനൊന്നാം വയസില്‍ തുടങ്ങിയ ഇഷ്ടമാണ്. ‘ചന്ത’യും ‘കമ്പോള’വും ‘ഉപ്പുകണ്ടം ബ്രദേഴ്സു’മൊക്കെ കണ്ടാണ് പ്രണിലിന്റെ ഇഷ്ടം ആരാധനയായത്. എങ്ങനെയെങ്കിലും ബാബു ആന്റണിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു. പക്ഷേ കാണാന്‍ മാര്‍ഗ്ഗമില്ലാത്തതു കൊണ്ട് ആഗ്രഹം മനസിലൊതുക്കി. അതിനിടെ പെരളശ്ശേരിയില്‍ കംപ്യൂട്ടര്‍ സെന്റര്‍ തുടങ്ങി. പ്രായം 37ലെത്തി. ജീവിതത്തില്‍ മാറ്റങ്ങള്‍ പലത് വന്നു. അപ്പോഴും ബാബു ആന്റണിയോടുള്ള ഇഷ്ടം മാത്രം കുറഞ്ഞില്ല. അങ്ങനെയിരിക്കെയാണ് സിനിമാ ഫീല്‍ഡിലുള്ള ഒരു സുഹൃത്തില്‍നിന്ന് ഇഷ്ടതാരത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു. ഒരു വര്‍ഷം ഫോണിന്റെ കോണ്‍ടാക്സ് ലിസ്റ്റില്‍ നമ്പര്‍ കിടന്നു. പക്ഷേ വിളിക്കാന്‍ മടിച്ചു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി ബാബു ആന്റണിക്ക് പ്രണില്‍ വാട്സ്ആപ്പില്‍ മെസേജ് അയച്ചത്. ‘‘ബാബു സാറിനെ ഒന്ന് കാണാന്‍ പറ്റുമോ ? ഒരു ഓട്ടോഗ്രാഫ് കിട്ടുമോ ? 11-ാമത്തെ വയസ് മുതലുള്ള ആഗ്രഹമാണ്. വന്നോട്ടെ.’’ എന്ന്
ഈ മെസേജിന് മറുപടി കിട്ടുമെന്ന് പ്രണില്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനിടെ യാദൃശ്ചികമായി ഫേസ് ബുക്ക് എടുത്ത് നോക്കിയപ്പോഴാണ് തന്റെ വാട്സ് ആപ്പ് മെസേജിന്റെ സ്ക്രീന്‍ ഷോട്ട് ബാബു ആന്റണിയുടെ പേജില്‍ കാണുന്നത്. കാലത്തിനും സമയത്തിനും അപ്പുറമായ സ്നേഹമാണ് ഇതെന്നുകൂടി സ്ക്രീന്‍ ഷോട്ടിനൊപ്പമെഴുതി ബാബു ആന്റണി. ഒരിക്കല്‍ നേരിട്ട് കാണാമെന്നും ഉറപ്പ് നല്കി താരം. ആ ദിവസത്തിനായാണ് ഇനി പ്രണിലിന്റെ കാത്തിരിപ്പ്. പ്രണിലിനെ പോലെ ബാബു ആന്റണിയെ കാണാന്‍ ഒട്ടേറെ ആരാധകരാണ് കാത്തിരിക്കുന്നത്. താരത്തെ ഒന്ന് കാണണം എന്ന ആവശ്യവുമായി ഒട്ടേറെ കമന്റുകളാണ് ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രമാണ് ബാബു ആന്റണിയുടേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. ബാബു ആന്റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ നിര്‍മ്മാണം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന് നേരത്തെ വ്യക്തമാക്കിയിരുന്നു.






