റിലയന്‍സ് റീട്ടെയ്ല്‍ ജിയോഫോണ്‍ നെക്സ്റ്റ്' എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്' പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചു. ഇത് വഴി ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തനക്ഷമമായ 4G ഫീച്ചര്‍ഫോണും സ്മാര്‍ട്ഫോണും എക്സ്ചേഞ്ചായി നല്കി പുതിയ ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാമെന്നാണ് റിപ്പോർട്ട്.
ജിയോമാര്‍ട്ട് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴി രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും ഈ ഓഫര്‍ ലഭ്യമാണെന്നാണ് സൂചന. ജിയോഫോണ്‍ നെക്സ്റ്റ് ജിയോയും ഗൂഗിളും സംയുക്തമായി രൂപകല്പന ചെയ്ത ഫോണാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.45 ഇഞ്ച് എച്ച്ഡി സ്ക്രീനാണ് ഇതിൽ.
3500 എംഎഎച്ച് ബാറ്ററി, രണ്ട് ജിബി റാം, 32 ജിബി റോം (128 ജിബി വരെ വികസിപ്പിക്കാം), 13 എംപി പ്രൈമറി ക്യാമറ, 8 എംപി മുന്‍ ക്യാമറ എന്നിവയുണ്ട്. നിരവധി സവിശേഷതകളോടെ വരുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4G സ്മാര്‍ട്ട്ഫോണാണിത്. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് സൂചന.






